ഇന്നലെ അലഹബാദിൽ നിറയെ വിദ്യാർഥികൾ എത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുകളുണ്ടായി. ഇതൊന്നും കാണാൻ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അങ്ങനെയുള്ള പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴ: ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കുമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ വിമർശനം. ഇന്നലെ അലഹബാദിൽ നിറയെ വിദ്യാർഥികൾ എത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുകളുണ്ടായി. ഇതൊന്നും കാണാൻ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അങ്ങനെയുള്ള പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അമിത് ഷാ സഭയിലെത്തും വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അമിത് ഷാ ഭീരുവിനെ പോലെ ഒളിച്ചോടുകയാണ്. മണ്ഡലപുനർ നിർണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഫ്സിആർഎ ബില്ല് നടപ്പിലാക്കാൻ അനുവദിക്കില്ല. തന്റേടമുണ്ടെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത് ആർഎസ്എസിനെയാണ്. ആർഎസ്എസ് ബന്ധമുള്ള സംഘടനകൾ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതര വിവാദത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എവിടെയെങ്കിലും പാകപിഴ ഉണ്ടായാൽ സർക്കാർ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ശശി തരൂർ സിജെപി സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയത്. നീറ്റ് ക്രമക്കേടിൽ സിജെപി സമരങ്ങൾക്ക് ലഭിച്ച പിന്തുണ എന്തുകൊണ്ട് കോൺഗ്രസ് സമരങ്ങൾക്ക് കിട്ടിയില്ലെന്നത് പരിശോധിക്കണമെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ജെൻസീകളുടെ വിഷയം വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, മുംബൈയിലെ ഒരു സംവാദപരിപാടിക്കിടെ പറഞ്ഞ കാര്യങ്ങൾ വിവാദമായതോടെ തന്റെ പരാമർശം വളച്ചൊടിച്ചതാണെന്ന് ശശി തരൂർ പറഞ്ഞു. താൻ നടത്തിയ സംഭാഷണത്തിലെ ഉള്ളടക്കം പാർട്ടിയെയോ നേതൃത്വത്തെയോ ആക്രമിച്ചതാണെന്ന മട്ടിൽ മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.


