വനത്തിൽ നിന്നാണോ മരം മുറിച്ചതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തതയില്ല. ഈമാസം 17നാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വയനാട്: മുട്ടിൽ മരം മുറിക്കേസിൽ വനം വകുപ്പ് നൽകിയ കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ കോടതി മടക്കി. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല, ഗുരുതര സാങ്കേതിക പിഴവുകൾ എന്നിവയാണ് കുറ്റപത്രം മടക്കാൻ കാരണം. ദുർബലമായ കുറ്റപത്രം ആരെ സഹായിക്കാനെന്ന ചോദ്യമാണ് ഉയരുന്നത്. സാങ്കേതിക പിഴവുകൾ മാത്രമാണ് ഉണ്ടായതെന്നും ഇന്ന് തന്നെ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.
മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത് ഗുരുതര പിഴവുകൾ. കഴിഞ്ഞ പതിനേഴിനാണ് വനംവകുപ്പ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മുട്ടിൽ മരംമുറിയിലെ 1/21 കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ആവശ്യമായ രേഖകൾ കുറ്റ പത്രത്തോടൊപ്പം നൽകിയില്ല. അഞ്ചുവർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
എന്തുകൊണ്ട് കുറ്റപത്രം വൈകി എന്നത് വ്യക്തമാക്കിയില്ല. വനത്തിൽ നിന്നാണോ പട്ടയഭൂമിയിൽ നിന്നാണോ മരം മുറിച്ചത് എന്നതിലും കുറ്റപത്രത്തിൽ വ്യക്തത ഇല്ല. കസ്റ്റഡിയിൽ എടുത്ത തടികൾ, വാഹനം എന്നിവ കണ്ടുകെട്ടുക പോലും ചെയ്യാതെയാണ് കുറ്റപത്രം സമർപ്പിച്ചത്. മാത്രവുമല്ല ഗുരുതര സാങ്കേതിക പിഴവുകളും. ഇതോടെയാണ് കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ കോടതി മടക്കിയത്. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരെ സഹായിക്കാൻ ബോധപൂർവ്വം ഉണ്ടായ നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം.
എന്നാൽ ധൃതി പിടിച്ച് സമർപ്പിച്ചതിനാൽ ഉണ്ടായ പിശകുകൾ മാത്രമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഹൈക്കോടതി വിലക്കാണ് കുറ്റപത്രം വൈകാൻ കാരണം എന്ന് വനംവകുപ്പ് കോടതിയെ അറിയിക്കും. 1/21 കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ 2021 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കുറ്റപത്രം നൽകുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഈ മാസം എട്ടിനാണ് നീങ്ങിയത്.
വിലക്ക് നീക്കിയ കോടതി പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് തിടുക്കപ്പെട്ട് ഈ മാസം 17 ന് കുറ്റപത്രം സമർപ്പിച്ചത് എന്നാണ് വിശദീകരണം. കേസിൽപ്പെട്ട വീട്ടി തടികളും ടോറസ് ലോറിയും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് കേരള വനനിയമം സെക്ഷൻ 61A പ്രകാരമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രതികൾക്ക് നോട്ടീസ് അയച്ചു. കണ്ടുകെട്ടൽ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കുമെന്നും വനം വകുപ്പ് കോടതിയെ അറിയിക്കും.
ഉറവിടം കണ്ടെത്താൻ കഴിയാത്ത മരത്തടികൾ പിടിച്ചെടുത്താൽ സെക്ഷൻ 69 പ്രകാരം വനം വകുപ്പിന് കേസെടുക്കാനാകും ഇക്കാര്യവും കോടതിയെ അറിയിക്കും. പിഴവുകൾ തിരുത്തി കുറ്റപത്രം ഇന്ന് തന്നെ സമർപ്പക്കാനാണ് നീക്കം. ഏതു സാഹചര്യത്തിൽ ആണ് കുറ്റപത്രം മടക്കാൻ ഇടയായതെന്ന് വനം മന്ത്രിയും റിപ്പോർട്ട് തേടിയിരുന്നു. മന്ത്രിക്കും വനംവകുപ്പ് മേധാവി ഇന്ന് തന്നെ വിശദീകരണം നൽകും. .വനം വകുപ്പ് നിരത്തുന്ന കാരണങ്ങൾ സാങ്കേതികമാണ്. ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചതിലെ പിഴവുകൾ വനം വകുപ്പിനെ സംശയ നിഴലിൽ നിർത്തുന്നതാണ്.













