യുഡിഎഫിന്റെ മുദ്രാവാക്യം പിണറായിയുടെ നാടും അംഗീകരിച്ചു. യുഡിഎഫ് പ്രവർത്തകരാണ് താരങ്ങളെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. ജനം വ്യക്തമായ സന്ദേശം നൽകി.

തിരുവനന്തപുരം: ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നുവെന്നും ഓരോ പ്രവർത്തകർക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കെ സി വേണുഗോപാൽ. 10 വർഷത്തെ പോരാട്ടത്തിൽ പ്രവർത്തകർ കള്ളക്കേസും മർദ്ദനവും നേരിട്ടു. തരംഗം ഉണ്ടാകുമെന്ന് നേരത്തേ പറഞ്ഞു. 100 ലധികം സീറ്റുമായി അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് പറഞ്ഞു. ധർമ്മടത്ത് മുഖ്യമന്ത്രിയുടേത് സാങ്കേതിക വിജയം മാത്രമാണ്. യുഡിഎഫിന്റെ മുദ്രാവാക്യം പിണറായിയുടെ നാടും അംഗീകരിച്ചു. യുഡിഎഫ് പ്രവർത്തകരാണ് താരങ്ങളെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. ജനം വ്യക്തമായ സന്ദേശം നൽകി. കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് ഒപ്പം നിന്നു. കേരളം മാതൃകകൾ നൽകിയ തെരഞ്ഞെടുപ്പാണിത്.

വാമനപുരത്തെ യുഡിഎഫ് സ്ഥാനാർഥിയെ എസ്ഡിപിഐ സ്ഥാനാർഥിയെന്ന് വിളിച്ചു. വാമനപുരം മതേതര മാതൃക കാട്ടിക്കൊടുത്തു. തവനൂരിലും മതേതര മാതൃകയുടെ വിജയമാണുണ്ടായത്. ബിജെപിയുമായി ഡീൽ നടത്താൻ പോയ സിപിഎമ്മിനെതിരെ അണികളിൽ നിന്നു പോലും വികാരം ഉണ്ടായി എന്നും കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. യുഡിഎഫിനെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകും. 

പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലമാണിതെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ വോട്ടു ചെയ്തവർക്ക് മാത്രമുള്ള ഭരണമാകില്ലെന്നും യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഭരണമാകുമെന്നും കൂട്ടിച്ചേർത്തു. ടീം വർക്കിന്റെ ജയമാണിത്. ഒറ്റക്കെട്ടായി പോയി, ഭിന്നിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും മറികടന്നു. ദീപദാസ് മുൻഷി സാധാരണ പ്രവർത്തകയെപ്പോലെ പ്രവർത്തിച്ചു. മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടിക്ക് വ്യവസ്ഥാപിത മാർഗങ്ങൾ ഉണ്ടെന്നും നടപടിക്രമങ്ങൾ ഒട്ടും വൈകാതെ അറിയിക്കുമെന്നും കെസി മറുപടി നൽകി.

Asianet News Live | Kerala Assembly Election Results Live 2026 | Malayalam Breaking News | HD Live