ആര്‍.എസ്.പി നേതാക്കളായ ഷിബു ബേബി ജോണുമായും എന്‍.കെ പ്രേമചന്ദ്രനുമായും വേദി പങ്കിട്ട അനുഭവം പങ്കുവെക്കുകയാണ് കെ സി വേണുഗോപാല്‍. ഷിബുവിന്റെ പിതാവ് ബേബി ജോണുമായുള്ള ഓര്‍മ്മകളും, ഷിബുവിന്റെയും പ്രേമചന്ദ്രന്റെയും വ്യക്തിപരവും രാഷ്ട്രീയവുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ആര്‍.എസ്.പി നേതാക്കളായ ഷിബു ബേബി ജോണും എന്‍കെ പ്രേമചന്ദ്രന്‍ എംപിയുമൊത്ത് നീണ്ട കാലത്തിനു ശേഷം വേദി പങ്കിട്ട അനുഭവം പങ്കുവെച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലെ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു കെ സി വേണുഗോപാല്‍.

Add Asianetnews as a Preferred SourcegooglePreferred

'പ്രേമനും ഷിബുവുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലും ഏറെക്കാലം ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ, വ്യക്തിപരമായ അടുപ്പത്തിന്റെ, കുടുംബങ്ങള്‍ തമ്മിലുള്ള പരിചയത്തിന്റെ അടുപ്പം'-കെസി വേണുഗോപാല്‍ എഴുതി.

'ഷിബുവിനേക്കാള്‍ മുന്‍പേ, അദ്ദേഹത്തിന്റെ പിതാവ് ബേബി ജോണ്‍ സാറിനെയാണ് പരിചയം. അന്ന് അദ്ദേഹം മന്ത്രിയും ഞാന്‍ എംഎല്‍എയുമാണ്. നാട്ടിലെ കോളറ മൂലമുള്ള മരണങ്ങളെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിക്കുന്നത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ചായിരുന്നു. തൊട്ടടുത്ത മന്ത്രിസഭാ യോഗത്തില്‍ കണ്ടത് അടിയന്തര നടപടികള്‍ക്കുള്ള തീരുമാനമാണ്. എന്റെ നിയമസഭാ പ്രസംഗങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട അഭിപ്രായങ്ങളിലൊന്ന് ഇന്നും ബേബി ജോണ്‍ സാറിന്റേതാണ്. പലര്‍ക്കും ബേബി സാര്‍ എന്നാല്‍ പരുക്കനായ ഒരു മനുഷ്യനായിരുന്നു. ഷിബുവുമായി അടുപ്പമാവുമ്പോള്‍ എനിക്കാ ഭയമുണ്ടായിരുന്നു, ഷിബുവും ഒരു പരുക്കനാവുമോ എന്ന്. പക്ഷേ, സത്യം അതായിരുന്നില്ല. ചിരി കുറവുള്ള ഷിബു, നാട്യങ്ങളില്ലാത്ത മനുഷ്യന്‍ കൂടിയാണ്. അടിമുടി ശുദ്ധനായ ഷിബുവിനെ ഞാനും പ്രേമനുമടക്കം വളരെ ചുരുക്കം പേര്‍ക്കേ അറിയുമായിരിക്കൂ. എന്തെങ്കിലുമൊരു വിഷമഘട്ടം വന്നാല്‍, എന്തുപറ്റി വേണൂ, എന്ന് വിളിച്ചുചോദിക്കാന്‍ എനിക്കൊരു ഷിബുവുണ്ട് എന്നഭിമാനത്തോടെ പറയാന്‍ കഴിയും.'

എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെ ദീര്‍ഘകാലമായുള്ള സഹപ്രവര്‍ത്തകനാണെന്നും കുറിപ്പില്‍ പറയുന്നു. 'അടിയുറച്ച രാഷ്ട്രീയ ബോധ്യവും ഭരണകൂടത്തിന് നേര്‍ക്കുള്ള പതറാത്ത ചോദ്യങ്ങളും പ്രേമനില്‍ നിന്ന് ലോക്‌സഭയില്‍ നമുക്ക് കാണാം. കഴിഞ്ഞ 15 വര്‍ഷക്കാലമായി പ്രതിപക്ഷത്തുള്ള ആര്‍എസ്പിയുടെ കരുത്തും ശക്തമായ നിലപാടും എടുത്തുപറയേണ്ടത് തന്നെയാണ്' -കെ സി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.