നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ തവണ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ അവരെ ഒഴിവാക്കിയത് ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ അതൃപ്തിക്ക് കാരണമാകുമെന്നും ഇത് യുഡിഎഫിന് ഗുണകരമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ കണ്ണൂർ ജില്ലയിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഒരാൾ ഇടം പിടിക്കാത്തത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. ജില്ലയിലെ മുസ്ലിം വോട്ടർമാർക്കിടയിൽ ഈ തീരുമാനം വലിയ തോതിലുള്ള അതൃപ്തിക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 2021-ലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തലശേരി, പേരാവൂർ മണ്ഡലങ്ങളിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ സിപിഎം മത്സരിപ്പിച്ചിരുന്നു. തലശേരിയിൽ എ എൻ ഷംസീറും പേരാവൂരിൽ സക്കീർ ഹുസൈനുമായിരുന്നു സ്ഥാനാര്‍ത്ഥികൾ.

Add Asianetnews as a Preferred SourcegooglePreferred

ഇത്തവണ പേരാവൂരിൽ കെ കെ ശൈലജ ടീച്ചറും തലശേരിയിൽ കാരായി രാജനുമാണ് മത്സരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് ചേർത്തുനിർത്തുമെന്ന് അവകാശപ്പെടുമ്പോഴും നിർണ്ണായകമായ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അവരെ പൂർണ്ണമായും തഴഞ്ഞത് ഇടതുകോട്ടകളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മുസ്ലിം വോട്ടർമാരുടെ പിന്തുണ വലിയ തോതിൽ യുഡിഎഫിലേക്ക് മാറിയതായി സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മാറ്റം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും തുടരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.