പുനലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഖാനെ നേരിട്ടു കണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പാര്‍ട്ടിയുടെ ആവശ്യം മുന്‍നിര്‍ത്തി മത്സരത്തില്‍ നിന്ന് പിന്മാറണമെന്നും, ത്യാഗത്തിന് പ്രതിഫലം ലഭിക്കുമെന്നും വേണുഗോപാല്‍ ഉറപ്പുനല്‍കി. 

പുനലൂര്‍: 'നീ പാര്‍ട്ടിയുടെ സ്വത്താണ്. നീ ചെയ്യുന്ന ത്യാഗത്തിന് നിനക്ക് പ്രതിഫലം കിട്ടും.'-വിമത നീക്കം ഉപേക്ഷിച്ച് തിരിച്ചെത്തിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ കെട്ടിപ്പിടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു. പുനലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയിരുന്ന അഡ്വ. എസ്.ഇ സഞ്ജയ് ഖാനെ അടൂരില്‍വെച്ച് കണ്ടപ്പോഴാണ് കെസി വേണുഗോപാല്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത്. സഞ്ജയ് വിമത സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്ത അറിഞ്ഞാണ് കെസി വേണുഗോപാല്‍ സ്ഥലത്തെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

'സഞ്ജയ്, നീ ഏറ്റവും നല്ല സ്ഥാനാര്‍ഥിയായിരുന്നു. മത്സരിച്ചിരുന്നെങ്കില്‍ ഉറപ്പായും വിജയം ഉണ്ടായേനെ. നിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ഞാന്‍ അടക്കം നിരവധി പേര്‍ ശ്രമിച്ചതാണ്. എന്നാല്‍ പാര്‍ട്ടിയുടെ ആവശ്യമാണ് ഇപ്പോള്‍ മുന്‍ഗണന. ഹൃദയത്തില്‍ പാര്‍ട്ടി ഉള്ളിടത്തോളം ഈ പോരാട്ടത്തില്‍ കൂടെയുണ്ടാകണം'-എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സഞ്ജയ് ചെയ്ത ത്യാഗത്തിന് കൂലി ലഭിക്കുമെന്ന് കെ സി വേണുഗോപാല്‍ ഉറപ്പുനല്‍കി. സഞ്ജയിനും പ്രവര്‍ത്തകര്‍ക്കും ഉണ്ടായ വിഷമം ന്യായമാണെന്നും തനിക്കത് കൃത്യമായി മനസ്സിലാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വാദിച്ചു നില്‍ക്കാന്‍ സമയമില്ല, പാര്‍ട്ടിക്കൊപ്പം നില്‍ക്കേണ്ട സമയമാണ്'-കെസി പറഞ്ഞു.

വൈകാരികമായാണ് സഞ്ജയ് ഇതിനോട് പ്രതികരിച്ചത്. 'എന്റെ പേര് സഞ്ജയ് ഖാന്‍. എന്റെ സഹോദരിയുടെ പേര് സോണി. കോണ്‍ഗ്രസ് എന്റെ രക്തമാണ്, എന്റെ പ്രസ്ഥാനത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ ഞാന്‍ കാരണക്കാരന്‍ ആകില്ല'-സഞ്ജയ് പറഞ്ഞു. സാധാരണ പ്രവര്‍ത്തകനായ തന്നെ കെട്ടിപ്പുണര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞ വാക്കുകള്‍ മതി ജീവിതകാലം മുഴുവന്‍ ഒരു പോസ്റ്റും ഇല്ലാതെ പാര്‍ട്ടിയെ സ്നേഹിക്കുവാനെന്നും സഞ്ജയ് പറഞ്ഞു.

വിമതനീക്കങ്ങളും അസ്വാരസ്യങ്ങളും ഒരു പരിധിവരെ കുറച്ചുകൊണ്ടുവന്ന് ശക്തമായ നേതൃനിരയോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്ര സംസ്ഥാന നേതാക്കളുടെ കാര്യക്ഷമമായ ഇടപെടലുകളെത്തുടര്‍ന്ന് പ്രശ്‌നപരിഹാരം കണ്ടെത്തിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.