Asianet News MalayalamAsianet News Malayalam

വൈദികരുടെ മുന്നറിയിപ്പ് ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കുന്നു; മതസൗഹാർദ്ദത്തിനായി പ്രവർത്തിക്കുമെന്നും കെസിബിസി

സാമൂഹിക തിന്മകളെ ചൂണ്ടിക്കാട്ടുമ്പോൾ അതിൽ വിശദമായ അന്വേഷണവു൦ പഠനവും നടത്തി ശക്തമായ നടപടി എടുക്കണമെന്ന് കെസിബിസി ആവശ്യപ്പെടുന്നുണ്ട്

KCBC backs pala bishop again and says will continue work for religious harmony in Kerala
Author
Kochi, First Published Sep 29, 2021, 7:38 PM IST

കൊച്ചി: വിശ്വാസികൾക്കായി വൈദിക സമൂഹം നൽകുന്ന മുന്നറിയിപ്പുകളെ ചിലർ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ച് പർവതീകരിക്കുന്നുവെന്ന് കെസിബിസി. മതസൗഹാ൪ദ്ദത്തിന് വേണ്ടിയും സാമൂഹിക തിന്മകൾക്കെതിരെയു൦ പ്രതിജ്ഞാബദ്ധതയോടെ പ്രവ൪ത്തിക്കുമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ പറയുന്നു. നാർകോടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ പിന്തുണച്ചുകൊണ്ടാണ്, മതസൗഹാർദ്ദത്തിന് വേണ്ടി നിലകൊള്ളുമെന്ന കെസിബിസിയുടെ പ്രസ്താവന.

സാമൂഹിക തിന്മകളെ ചൂണ്ടിക്കാട്ടുമ്പോൾ അതിൽ വിശദമായ അന്വേഷണവു൦ പഠനവും നടത്തി ശക്തമായ നടപടി എടുക്കണമെന്ന് കെസിബിസി ആവശ്യപ്പെടുന്നുണ്ട്. മതസൗഹാർദ്ദ നിലപാടുകളിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട് തന്നെയാണ് തങ്ങൾക്ക്. ഇതിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പ്രത്യേക സമ്മേളനത്തിന് ശേഷം പുറപ്പെടുവിച്ച വാർത്താ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

'ക്രിസ്തുവിന്റെ തിരുവചനം ഉൾക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യംവെച്ച് അജപാലകർ നൽകുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശപരമായി വ്യാഖ്യാനിച്ചും പർവതീകരിച്ചും മതമൈത്രിയെയും ആരോഗ്യകരമായ സഹവർത്തിത്വത്തെയും ദുർബലപ്പെടുത്തുന്ന ശൈലികളെ കത്തോലിക്കാ മെത്രാൻ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോൾ അതിന് മറ്റ് നിറങ്ങൾ ചാർത്തി യഥാർത്ഥ വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി, ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ സഭകൾ തമ്മിൽ ഭിന്നതയുണ്ടെന്നുവരുത്തി തീർക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാൻ സമിതി തള്ളിക്കളയുന്നു'- എന്നാണ് വാർത്താക്കുറിപ്പിൽ ഫാ ജേക്കബ് ജി പാലയ്ക്കാപ്പിള്ളി വ്യക്തമാക്കുന്നത്.
 

Follow Us:
Download App:
  • android
  • ios