തിരുവനന്തപുരം: പാല നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ജോസഫ് എം പുതുശ്ശേരി. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലാണ് പുതുശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കളായ ജോസ് കെ മാണിയും പിജെ ജോസഫും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ജോസഫ് എം പുതുശ്ശേരിയുടെ പ്രതികരണം.

നാളത്തെ യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തുടങ്ങുക. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തന്നെയാണ് മത്സരിക്കുകയെന്ന് സിപിഎം നേതാവ് വിഎന്‍ വാസവന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക എന്‍സിപിയായിരിക്കും. ജോസ് കെ മാണിയെ എല്‍ഡിഎഫിലെത്തിക്കുമെന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും വാസവന്‍ വ്യക്തമാക്കി.