പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കൊച്ചി: സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച കീം പരീക്ഷാ ഫലം ഹൈക്കോടതി അസാധുവാക്കി. റാങ്ക് ലിസ്റ്റ് കണക്കാക്കാൻ നടപ്പാക്കിയ പുതിയ രീതി നിയമപരമല്ല എന്ന കണ്ടെത്തലോടെയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. റാങ്ക് പട്ടികയനുസരിച്ച് പ്രവേശന നടപടികൾ തുടങ്ങാനിരിക്കെയുണ്ടായ അപ്രതീക്ഷിത ഉത്തരവ് വിദ്യാ‍ർഥികളെയും രക്ഷിതാക്കളേയും ആശങ്കയിലാക്കി. ഉത്തരവിനെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്‍റെ ആലോചന.

കേരളാ എ‍‌ഞിനിയീറിങ്, ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടികയാണ് ഹൈക്കോടതി ഉത്തരവോടെ അസാധുവായത്. റാങ്ക് പട്ടിക കണക്കാക്കാൻ അവസാന നിമിഷം നടത്തിയ മാറ്റങ്ങൾ നിയമപരമല്ല എന്നാരോപിച്ചാണ് ഒരു കൂട്ടം സിബിഎസ്ഇ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 

12ക്ലാസിലെ മാർക്ക്, എൻട്രൻസ് പരീക്ഷയുടെ സ്കോർ, ഒപ്പം വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് 2011 മുതൽ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കേരള സിലബസ് വിദ്യാ‍ർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ മാർക്ക് കൂടുതൽ കിട്ടിന്നത് റാങ്ക് ലിസ്റ്റിനെ ബാധിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് വെയിറ്റേജ് ഏർപ്പെടുത്തിയത്. കണക്ക്, ഫിസിക്സ് ,കെമിസ്റ്റ് വിഷയങ്ങളിലെ മാർക്കുകൾ കണക്കാക്കി 1: 1:1 എന്ന അനുപാതത്തിലാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയിരുന്നത്. 

എന്നാൽ ഇത്തവണ ഇത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷിയുടെ സ്കോറും നിശ്ചയിച്ച ശേഷമാണ് സംസ്ഥാന സർക്കാർ വെയിറ്റേജിൽ മാറ്റം വരുത്തത്. ഈ പരിഷ്കാരം റാങ്ക് ലിസ്റ്റിൽ തങ്ങൾ പിന്നോട്ട് പോകാൻ ഇടയാക്കി എന്നാരോപിച്ചാണ് ഒരു കൂട്ടംവിദ്യാ‌ർഥികൾ ഹൈക്കോടതിയിൽ എത്തിയത്. 

പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന കണ്ടത്തലോടെയാണ് 2011 മുതൽ തുടരുന്ന നടപടിക്രമമനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചത്. വിധി പഠിച്ച ശേഷം മന്ത്രിസഭയുമായി കൂടി ആലോചിച്ച് തുടർ നടപടി തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.

സർക്കാർ അപ്പീൽ പോയാൽ പ്രവേശന നടപടികൾ വൈകും. ഹൈക്കോടതി ഉത്തരവ് അതേപടി അംഗീകരിച്ചാൽ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് പോകേണ്ടിവരും. നിലവിൽ മികച്ച റാങ്കുളളവർ പിന്നിലാകാനും സാധ്യതയുണ്ട്. ഇത് നിയമപരമായി വീണ്ടും ചോദ്യം ചെയ്യപ്പെടാം. മൊത്തത്തിൽ തുടർനടപടി സംബന്ധിച്ചാണ് വിദ്യാ‍ർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക.

Asianet News Live | Malayalam News Live | Bharat bandh | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്