റാങ്ക് പട്ടിക പുതുക്കിയത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ദില്ലി: കീം പരീക്ഷയിലെ നിയമയുദ്ധത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹർജിയിൽ സിബിഎസ്ഇ വിദ്യാർത്ഥികൾ തടസഹർജി നൽകും. റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതേസമയം, എഞ്ചിനീയറിങ് പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കൂടുതല്‍ സമയം ചോദിച്ച് കേരളം എഐസിടിഇയ്ക്ക് കത്തയച്ചു.
പുതിയ ഫോർമുല തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വിദ്യാർത്ഥികൾ ഹര്‍ജി നല്‍കിയത്. റാങ്ക് പട്ടിക പുതുക്കിയത് സ്വഭാവികനീതിയുടെ നിഷേധമാണ്. പ്രോസ്പെക്ടിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ട്. സിബിഎസ്ഇ വിദ്യാർത്ഥികളുടെ അവകാശം ഇല്ലാതെയാക്കിയല്ല പുതിയ പട്ടിക. നയപരമായ വിഷയത്തിലാണ് ഹൈക്കോടതി ഇടപെടൽ. ഇതുവഴി സംസ്ഥാനസിലബസിലെ വിദ്യാർത്ഥികളുടെ നീതി നഷ്ടമായെന്നും ഹർജിയിൽ വാദിക്കുന്നു.
കീം We Need Justice എന്ന പേരിൽ രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മയുടെ നേൃത്വത്തിലാണ് നിയമപോരാട്ടം. 15 വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ ഹർജി നൽകിയത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് വിദ്യാർത്ഥികൾക്കായി ഹാജരാകുക. ഇതിനിടെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കേരളം സമയം നീട്ടിച്ചോദിച്ച് എഐസിടിഇയ്ക്ക് കത്ത് നൽകി. ഓഗസ്റ്റ് 14നുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നാണ് നിലവിൽ നിർദേശം. എന്നാൽ സുപ്രീംകോടതിയിലടക്കം ഹർജികൾ എത്തിയ സാഹചര്യത്തിൽ ഇത് നീട്ടണമെന്നാണ് ആവശ്യം. കഴിഞ്ഞ വർഷം സെപ്തംബർ 18 വരെ പ്രവേശനം പൂർത്തിയാക്കാൻ സമയം നൽകിയിരുന്നു.

