പദ്ധതികള്‍ നടപ്പാക്കുന്നതിലെ മികവിലാണ് കേരളം പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. റാങ്കിംഗില്‍ 862 പോയിന്റാണ് കേരളം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ 826 പോയിന്റില്‍ നിന്നാണ് കേരളം ഈ മുന്നേറ്റം നടത്തിയത്.

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷയിലെ മികച്ച പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. പദ്ധതികള്‍ നടപ്പാക്കുന്നതിലെ മികവിലാണ് കേരളം പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

റാങ്കിംഗില്‍ 862 പോയിന്റാണ് കേരളം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ 826 പോയിന്റില്‍ നിന്നാണ് കേരളം ഈ മുന്നേറ്റം നടത്തിയത്. വിദ്യാലയ പ്രവേശനത്തില്‍ 98.75 ശതമാനവും, തുല്യതയില്‍ 91 ശതമാനവും, പഠനനേട്ടങ്ങളില്‍ 85.56 ശതമാനവും, ഭരണപരമായ പ്രവര്‍ത്തനങ്ങളില്‍ 82.22 ശതമാനവും, അടിസ്ഥാന സൗകര്യങ്ങളില്‍ 82 ശതമാനവും ആണ് കേരളത്തിന്റെ സ്‌കോര്‍.

കേരളം വിദ്യാഭ്യാസ മേഖല കൈവരിക്കുന്ന മുന്നേറ്റത്തിന്റെ നേര്‍ചിത്രമാണ് സമഗ്ര ശിക്ഷയിലും കൈവരിച്ച ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ, കഴിഞ്ഞ വര്‍ഷം അവസാനം നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതായിരുന്നു.70 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം.

ഹിമാചല്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. തമിഴ്‌നാടും ആന്ധ്രപ്രദേശും കര്‍ണാടകവുമാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളിലുള്ളത്. പട്ടിണി ഇല്ലാതാക്കല്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ആ പട്ടിക തയ്യാറാക്കിയത്.