Asianet News MalayalamAsianet News Malayalam

കൊവിഡ് ഭീഷണി; നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കി, എതിര്‍പ്പുമായി പ്രതിപക്ഷം

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നതടക്കമുള്ള പ്രതിപക്ഷ വാദം തള്ളിയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം

kerala Assembly adjourn today
Author
Thiruvananthapuram, First Published Mar 13, 2020, 9:23 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പോടെയാണ് കാര്യോപദേശക സമിതി തീരുമാനം എടുത്തിരിക്കുന്നത്. ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിക്കും. 

അതേസമയം സഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നതടക്കമുള്ള പ്രതിപക്ഷ വാദം തള്ളിയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി സഭയില്‍ അറിയിക്കും. ഈ നടപടിയില്‍ സഭയിലും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. 

ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രധാന കാര്യം കൊവിഡ് ജാഗ്രതയില്‍ നില്‍ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല എന്നായിരുന്നു.  എന്നാല്‍ രാജ്യസഭയും ലോക്സഭയും തുടരുന്നുണ്ട്, വിവിധ നിയമസഭകള്‍ ചേരുന്നുണ്ട്. അതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു പ്രതിപക്ഷം. 

വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനയില്‍ വിശദമായ ചര്‍ച്ച ഇനി നടക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിന്‍റെ അവസാനത്തേതാണ് ഇത്തരമൊരു ചര്‍ച്ച. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണ് എന്ന ആക്ഷേപമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. 

ധനകാര്യബില്‍ ചര്‍ച്ചയോടെയേ പാസാക്കാവൂ എന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയില്‍ ആവശ്യപ്പെട്ടു. ധനകാര്യബില്‍ പാസാക്കാതെ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രം സഭയില്‍ വച്ച് നാല് മാസത്തിനകം പാസാക്കാം എന്ന നിയലിയായിരിക്കും സഭ പിരിയുക എന്നാണ് വ്യക്തമാകുന്നത്.  

Follow Us:
Download App:
  • android
  • ios