പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് ഇന്ന് നടത്തിയത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 1061 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ 19 വരെ 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു. 

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് നിരവധി നാടകീയരംഗങ്ങൾക്കാണ് രാഷ്ട്രീയ കേരളം സാക്ഷിയായത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജോസഫ് വിഭാഗത്തിൻ്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം അനുവദിച്ചു. ഭാര്യയെ കുറിച്ചുള്ള വിവരം മറച്ചെന്ന പരാതി നേരിട്ട കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി കെ പി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു. കഴിഞ്ഞ തവണ കെ സുരേന്ദ്രന് ഭീഷണിയായ കെ സുന്ദര ഇത്തവണ പത്രിക പിൻവലിച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ജോസഫിന് മാത്രമല്ല പാലായിൽ ജോസിനെതിരെ പോരാടുന്ന എൻസികെ സ്ഥാനാർത്ഥി മാണി സി കാപ്പനും കിട്ടി ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം. തലശ്ശേരിയിലും ഗുരുവായരിലും ദേവികുളത്തും ഔദ്യോഗിക സ്ഥാനാർത്ഥികളില്ലാത്തതിൻറെ ഞെട്ടൽ മാറാത്ത ബിജെപി മഞ്ചേശ്വരത്ത് നടത്തിയത് അപ്രതീക്ഷിത നീക്കം. കഴിഞ്ഞ തവണ കെ.സുരേന്ദ്രന് വില്ലനായ ബിഎസ് പി സ്ഥാനാ‍ത്ഥി കെ.സുന്ദരയെ ബിജെപി പാളയത്തിലെത്തിച്ചു. 2016ൽ സുരേന്ദ്രൻ 89 വോട്ടിന് തോറ്റപ്പോൾ സ്വതന്ത്രനായ സുന്ദര 462 വോട്ടുകളാണ് പിടിച്ചത്. അതേസമയം, കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ പി സുലൈമാൻ ഹാജിയുടെ പത്രിക അവസാനനിമിഷം സ്വീകരിച്ചു.

രണ്ട് ഭാര്യമാരുള്ള സുലൈമാൻ ഹാജി ഒരു ഭാര്യയുടെ വിശദാംശങ്ങൾ സത്യവാങ്ങ്മൂലത്തിൽ മറച്ചു വച്ചുവെന്ന് യുഡിഎഫ് പരാതിയുണ്ടാക്കിയ അനിശ്ചിതത്വം മാറി. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ വരാണാധികാരം ഹാജിയുടെ പത്രിക സ്വീകരിച്ചു. നിയമനടപടി തുടരാനാണ് യുഡിഎഫ് തീരുമാനം. പലയിടത്തും മുന്നണി സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരർ രംഗത്തുണ്ട്. കോൺഗ്രസ് വിട്ട സ്വതന്ത്രയായി ഏറ്റുമാനൂരിൽ മത്സരിക്കുന്ന ലതികാ സുഭാഷിന് ഓട്ടോ റിക്ഷ ചിഹ്നത്തിൽ മത്സരിക്കും. അങ്കം കുറിക്കുന്നവരുടെ എണ്ണമായതോടെ ഇനി അവസാനപോര്. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.