നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ സമ്പൂർണ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ നാല് ജില്ലകളിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകൾ പൂര്‍ണമായും യുഡിഎഫിനൊപ്പം നിൽക്കും. പത്തനംതിട്ടയിലെയും ഇടുക്കിയിലെയും 5ൽ 5 സീറ്റുകളും വിജയിക്കാനാകുമെന്നാണ് വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വി ഡി സതീശന്റെ പ്രതികരണം.
കോട്ടയത്ത് ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രമാണ് മത്സരമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മലപ്പുറത്തെ 16 സീറ്റുകൾ പൂര്‍ണമായും വിജയിക്കും. എറണാകുളത്തെ 14 സീറ്റുകളും യുഡിഎഫിന് ലഭിക്കുമെന്നതാണ് ട്രെൻഡെന്ന് വി ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വി ഡി സതീശൻ പറഞ്ഞ നാല് ജില്ലകളിലെ മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചു? വിശദമായി നോക്കാം.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ 5 മണ്ഡലങ്ങളിൽ ദേവികുളവും ഉടുമ്പൻചോലയും പീരുമേടും ഇടുക്കിയും ഇടതിനൊപ്പമാണ് നിന്നത്. തൊടുപുഴയിൽ പി ജെ ജോസഫിന് മാത്രമാണ് വിജയിക്കാനായത്. അതായത് ഇടുക്കിയിൽ ഒരു മണ്ഡലം മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. അതേസമയം, പത്തനംതിട്ടയില്‍ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂര്‍ എന്നീ മണ്ഡലങ്ങളാണുള്ളത്. ഒരു മണ്ഡലം പോലും യുഡിഎഫിനൊപ്പം നിന്നില്ല എന്നതാണ് എടുത്തുപറയേണ്ടത്.
പെരുമ്പാവൂർ, അങ്കമാലി, ആലുവ, കളമശ്ശേരി, പറവൂര്‍, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം എന്നിങ്ങനെ 14 മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. എറണാകുളത്തെ മണ്ഡലങ്ങളിൽ യുഡിഎഫിനായിരുന്നു മേൽക്കൈ. ആകെ മണ്ഡലങ്ങളിൽ 9 എണ്ണത്തിൽ യുഡിഎഫും 5 എണ്ണത്തിൽ എൽഡിഎഫും വിജയിച്ചു. പറവൂർ, അങ്കമാലി, ആലുവ, പെരുമ്പാവൂർ, എറണാകുളം, തൃക്കാക്കര, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം നിന്നത്.
അതേസമയം, മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ 12 ഇടത്തും വിജയിക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. മുസ്ലീം ലീഗിന്റെ പിന്തുണയാണ് യുഡിഎഫിന്റെ കുതിപ്പിന് ഇന്ധനമായത്. മലപ്പുറം, വേങ്ങര, മഞ്ചേരി, കൊണ്ടോട്ടി, ഏറനാട്, പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂർ, കോട്ടയ്ക്കൽ, വണ്ടൂര്‍ എന്നീ മണ്ഡലങ്ങൾ യുഡിഎഫിനൊപ്പം നിന്നപ്പോൾ ഇടത് മുന്നണി തങ്ങളുടെ സ്വാധീന മേഖലകളിൽ വിജയം ഉറപ്പിച്ചു. താനൂർ, തവനൂർ, പൊന്നാനി, നിലമ്പൂർ എന്നീ മണ്ഡലങ്ങളാണ് ഇടതിനൊപ്പം നിന്നത്.


