നിയമസഭ തെരഞ്ഞെടുപ്പിൽ തുടര്‍ച്ചയായി മൂന്നാം ജയം ലക്ഷ്യമിടുന്ന പിണറായി സര്‍ക്കാരിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ഭരണവിരുദ്ധ വികാരം, സാമ്പത്തിക പ്രതിസന്ധി, അഴിമതി ആരോപണങ്ങൾ എന്നിവയെല്ലാം കടമ്പകളാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ തുടര്‍ച്ചയായി മൂന്നാം ജയം ലക്ഷ്യമിട്ട് കച്ചമുറുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി. വികസനം ചര്‍ച്ചയാക്കി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാറിന് ചില വെല്ലുവിളികളെ അതിജീവിച്ചേ തീരൂ. ഭരണവിരുദ്ധ വികാരവും ബിജെപിയുടെ വളര്‍ച്ചയും ട്വന്‍റി ട്വന്‍റി പോലുള്ള നാലാം മുന്നണികളുടെ രംഗപ്രവേശനവുമെല്ലാം ഇടതുപക്ഷത്തിന് തലവേദനയാകുമെന്ന കാര്യം ഉറപ്പാണ്. ഇത്തരത്തിൽ പിണറായി സര്‍ക്കാരിന് മുന്നിലുള്ള ചില പ്രധാന വെല്ലുവിളികൾ ഏതെല്ലാമാണെന്ന് നോക്കാം.
1. ഭരണവിരുദ്ധ വികാരം
സംസ്ഥാനത്തിന്‍റെ തെരഞ്ഞെടുപ്പ് ശീലങ്ങളെ തിരുത്തിക്കുറിച്ചാണ് കഴിഞ്ഞ തവണ പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയത്. കോവിഡും പ്രളയവും നിപ്പയുമെല്ലാം അതിജീവിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാൽ, തുടർച്ചയായി പത്ത് വർഷം അധികാരത്തിലിരിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഭരണവിരുദ്ധ വികാരം മറികടക്കുക എന്നതാണ് നിലവിൽ എൽഡിഎഫിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഭരണകൂടത്തോട് ജനങ്ങൾക്ക് ഉണ്ടാകാനിടയുള്ള മടുപ്പും പുതിയ മുഖങ്ങൾക്കായുള്ള ആഗ്രഹവും എൽഡിഎഫിന് വെല്ലുവിളിയാകും.
2. കടുത്ത സാമ്പത്തിക പ്രതിസന്ധി
കേരളം നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അതീവ ഗൗരവമുള്ള വിഷയമാണ്. സംസ്ഥാനത്തിന്റെ പൊതുകടം 3.10 ലക്ഷം കോടി രൂപ കടന്നിരിക്കുന്നുവെന്നാണ് 2026 മാർച്ചിലെ കണക്കുകൾ. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക ഞെരുക്കം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തര്‍ക്കമില്ല. ക്ഷേമ പെൻഷനുകൾ കൃത്യമായി നൽകാൻ കഴിയാത്തതും, കെ.എസ്.ആർ.ടി.സിയിൽ നിലനിന്നിരുന്ന ശമ്പള പ്രതിസന്ധിയുമെല്ലാം സാധാരണക്കാരായ വോട്ടർമാരുടെ ഇടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
3. അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളും
തുടർച്ചയായി ഉയരുന്ന അഴിമതി ആരോപണങ്ങൾ സർക്കാരിന്റെ ഇമേജിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ലൈഫ് മിഷൻ, മാസപ്പടി വിവാദം തുടങ്ങിയവയിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന ആരോപണങ്ങളും എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. കേവലം അഴിമതി ആരോപണങ്ങൾ മാത്രം കൊണ്ട് ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ തോൽക്കാനോ കഴിയില്ലെങ്കിലും, ഭരണവിരുദ്ധ വികാരവും സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും പോലെയുള്ള മറ്റ് വിഷയങ്ങൾക്കൊപ്പം അഴിമതിയും കൂടിച്ചേരുമ്പോൾ അത് ഭരണത്തുടർച്ചയ്ക്ക് വലിയ ഭീഷണിയാകും.
4. ശബരിമല സ്വര്‍ണക്കൊള്ള വിവാദം
വിശ്വാസികളുടെ വോട്ടും വൈകാരികതയുമാണ് ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ സർക്കാരിന് വെല്ലുവിളിയാകുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഏത് വിവാദവും ഹിന്ദു വോട്ട് ബാങ്കിൽ ചലനമുണ്ടാക്കും. സ്വർണ്ണക്കൊള്ള എന്ന ആരോപണം വിശ്വാസികൾക്കിടയിൽ സർക്കാരിനോടുള്ള അവിശ്വാസം വർദ്ധിപ്പിക്കാൻ കാരണമായേക്കാം. ഇത് യു.ഡി.എഫിനോ ബിജെപിക്കോ അനുകൂലമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ യുഡിഎഫും ബിജെപിയും ഈ വിഷയം സജീവമായി ഉയർത്തിക്കാട്ടിയേക്കും. ക്ഷേത്ര സമ്പത്ത് സർക്കാർ കൊള്ളയടിക്കുന്നു എന്ന പ്രചാരണം പ്രാദേശീക, ഗ്രാമീണ മേഖലകളിലെ വോട്ടർമാരെ സ്വാധീനിക്കാൻ കാരണമാകാനുള്ള സാധ്യതയുണ്ട്. സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്കും ദേവസ്വം ബോർഡിന്റെ വിശ്വാസ്യതയ്ക്കും ഇത് മങ്ങലേൽപ്പിക്കും.
5. ബിജെപിയുടെ രാഷ്ട്രീയ വളർച്ച
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപി വിജയിച്ചതോടെ ബിജെപിക്ക് കേരളത്തിൽ പുതിയ ഊർജ്ജം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലും ബിജെപി ഭരണം പിടിച്ചു. സമീപകാല കണക്കുകൾ പരിശോധിച്ചാൽ പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിക്കുന്നതായി കാണാം. ഇത് ത്രികോണ മത്സരത്തിന് വഴിയൊരുക്കുകയും എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളെ ബാധിക്കുകയും ചെയ്തേക്കാം.
6. ട്വന്റി-20, വി ഫോർ കൊച്ചി പോലെയുള്ള നാലാം മുന്നണികൾ
പരമ്പരാഗത മുന്നണികൾക്ക് പുറമെ കിഴക്കമ്പലം മോഡൽ വികസനവുമായി വരുന്ന ട്വന്റി-20 പോലെയുള്ള സംഘടനകൾ എത്രത്തോളം വോട്ട് വിഹിതം നേടുമെന്നത് ഭരണകക്ഷിയായ എൽഡിഎഫിനെ സംബന്ധിച്ച് നിർണ്ണായകമാണ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിൽ ട്വന്റി-20യ്ക്ക് ശക്തമായ അടിത്തറയുണ്ട്. പരമ്പരാഗത മുന്നണികളോട് അതൃപ്തിയുള്ള വോട്ടർമാർ സ്വാഭാവികമായും പുതിയ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പ്രധാനമായും എൽഡിഎഫിന് ലഭിക്കേണ്ട നിഷ്പക്ഷ വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കും.
7. പി എസ് സി പരീക്ഷകളിലെ സുതാര്യതക്കുറവും യുവാക്കളുടെ കുടിയേറ്റവും തൊഴിലില്ലായ്മയും
പല പ്രധാന തസ്തികകളിലും പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചിട്ടും പുതിയ നിയമനങ്ങൾ നടത്താത്തതും ലിസ്റ്റ് നീട്ടാത്തതും ഉദ്യോഗാർത്ഥികളിൽ കടുത്ത നിരാശയുണ്ടാക്കുന്നുണ്ട്. ഇതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കാറുമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി ലക്ഷക്കണക്കിന് യുവാക്കൾ കേരളം വിട്ടു പോകുന്ന സാഹചര്യവും നിലവിലുണ്ട്. തൊഴിലില്ലായ്മയും സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്.
8. പൊലീസും ആഭ്യന്തര വകുപ്പും
പൊലീസ് സേനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടർച്ചയായ വിവാദങ്ങൾ സർക്കാരിന് വലിയ തലവേദനയാണ്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പായതിനാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് മേൽ വരും. അടുത്തിടെ കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്ത് നടക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ ക്രമസമാധാന നില തകർന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നു. ഇത് മറികടക്കുക എന്നത് ഭരണകക്ഷിയെ സംബന്ധിച്ച് അത്ര എളുപ്പമാകില്ല.
9. വന്യജീവി ആക്രമണവും മലയോര ജനത നേരിടുന്ന ദുരിതങ്ങളും
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ ഓരോ ദിവസം കഴിയുമ്പോഴും വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജനവാസ മേഖലകളിൽ കാട്ടാന, കടുവ, കാട്ടുപന്നി എന്നിവയുടെ ആക്രമണം രൂക്ഷമായത് സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കുന്ന വിഷയമാണ്. വയനാട്, ഇടുക്കി മേഖലകളിൽ വന്യജീവി ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നതും ജനങ്ങൾ നേരിടുന്ന ഭീതിയും, ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെയുള്ള കർഷക രോഷവും വടക്കൻ കേരളത്തിലും ഹൈറേഞ്ചിലും എൽഡിഎഫിന് കനത്ത തിരിച്ചടിയായേക്കാമെന്നാണ് വിലയിരുത്തൽ. ചുരുക്കിപ്പറഞ്ഞാൽ വോട്ടിനേക്കാൾ ഉപരിയായി തങ്ങളുടെ ജീവൻ രക്ഷിക്കാൻ ഏത് മുന്നണിയാണ് കൂടെ നിൽക്കുക എന്നതാകും മലയോര ജനതയുടെ ചോദ്യം.
10. വിവാദ പദ്ധതികളും കെ-റെയിലും
സിൽവർലൈൻ (കെ-റെയിൽ) പോലെയുള്ള വൻകിട പദ്ധതികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. പരിസ്ഥിതി പ്രശ്നങ്ങളും സ്ഥലമേറ്റെടുപ്പും ജനങ്ങളിൽ ഉണ്ടാക്കിയ ആശങ്കകൾ വോട്ട് ചോർച്ചയ്ക്ക് കാരണമാകാൻ സാധ്യതയുണ്ട്. അതിരടയാള കല്ലുകൾ സ്ഥാപിക്കുന്ന വേളയിൽ കേരളത്തിലുടനീളം ഉണ്ടായ വലിയ പ്രതിഷേധങ്ങൾ ജനമനസ്സുകളിൽ മായാതെ നിലനിൽക്കുന്നുണ്ട്.


