ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് പ്രതീക്ഷകളേറെ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തിയ എന്‍ഡിഎ, എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഭൂരിപക്ഷം കുറച്ചുകൊണ്ട് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ്. 

ചാത്തന്നൂര്‍: ഇത്തവണ നിയമസഭ തെര‌ഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് വലിയ പ്രധാന്യം കല്‍പിക്കപ്പെടുന്ന ചില മണ്ഡലങ്ങളുണ്ട്. അവയുടെ കൂട്ടത്തില്‍ പലരും പരാമര്‍ശിക്കാറില്ലെങ്കിലും ബിജെപി വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു മണ്ഡലം കൊല്ലം ജില്ലയിലുണ്ട്. ചാത്തന്നൂര്‍ നിയമസഭ മണ്ഡലമാണത്. സിപിഐയിലെ ജി എസ് ജയലാല്‍ ആണ് ചാത്തന്നൂരിലെ സിറ്റിംഗ് എംഎല്‍എ. കഴിഞ്ഞ രണ്ട് വട്ടവും ബിജെപി രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍.

ചാത്തന്നൂരില്‍ വാശിയേറും

2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ നേതാവ് ജി എസ് ജയലാല്‍ ആയിരുന്നു ചാത്തന്നൂരില്‍ ഇടത് സ്ഥാനാര്‍ഥി. ബിജെപിയുടെ ബി ബി ഗോപകുമാര്‍ എന്‍ഡിഎയ്ക്കായും കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖര്‍ യുഡിഎഫിനായും മത്സരിച്ചു. ഫലം വന്നപ്പോള്‍ ജയലാല്‍ 34,407 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷം നേടി മണ്ഡലം നിലനിര്‍ത്തി. 2021-ല്‍ വീണ്ടും ജി എസ് ജയലാലും ബി ബി ഗോപകുമാറും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പക്ഷേ ജയലാലിന്‍റെ ഭൂരിപക്ഷം 17,206 ആയി കുറഞ്ഞു. അതായത് ഭൂരിപക്ഷം നേര്‍പകുതിയായി. കോണ്‍ഗ്രസിന്‍റെ എന്‍ പീതാംബര കുറുപ്പിന് ചാത്തന്നൂരില്‍ കാര്യമായ ചലനം 2021-ല്‍ സൃഷ്‌ടിക്കാനായില്ല. ജി എസ് ജയലാലിന്‍റെ വോട്ട് വിഹിതത്തില്‍ കാര്യമായ ഇടിവ് കഴിഞ്ഞവട്ടം സംഭവിച്ചപ്പോള്‍ ബിജെപി ആറ് ശതമാനത്തോളം വര്‍ധനവുണ്ടാക്കി. 2011-ല്‍ യുഡിഎഫിനായി ബിന്ദു കൃഷ്‌ണ മത്സരിച്ചതുമായി താരതമ്യം ചെയ്‌താല്‍ വന്‍ ഇടിവാണ് മണ്ഡലത്തില്‍ പിന്നീട് യുഡിഎഫിന് സംഭവിച്ചതെന്നതും ഞെട്ടിക്കുന്ന ചരിത്രം.

2026-ല്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര്‍ രാജേന്ദ്രനാണ് ചാത്തന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി. അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാറ്റമില്ല, തുടര്‍ച്ചയായ മൂന്നാംവട്ടവും ബി ബി ഗോപകുമാറാണ് ബിജെപി സ്ഥാനാര്‍ഥി. കെപിസിസി സെക്രട്ടറിയായ സൂരജ് രവിയാണ് യുഡിഎഫിനായി മത്സരിക്കുന്നത്. ഫോര്‍വേഡ് ബ്ലോക്കിന് മണ്ഡലം വിട്ടുനല്‍കും എന്ന് പറഞ്ഞുകേട്ട ശേഷമാണ് മണ്ഡലം കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തത്. കുണ്ടറ മുന്‍ എംഎല്‍എ തോപ്പില്‍ രവിയുടെ മകനാണ് സൂരജ് രവി. ചാത്തന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ എഎപിക്കും സ്ഥാനാര്‍ഥിയുണ്ട്. അരുണ്‍ എയാണ് ആംആദ്‌മി പാര്‍ട്ടിക്കായി മത്സരിക്കുന്നത്.

ഏറ്റവും ഒടുവിലെ കണക്കുകള്‍

ഓരോ നിയമസഭ തെരഞ്ഞെടുപ്പിലും വോട്ട് വര്‍ധിക്കുന്നതാണ് ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ പ്രതീക്ഷ. 2011-ല്‍ വെറും 3.36 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിയാണ് 2021-ല്‍ 30.61 ശതമാനത്തിലേക്ക് ഉയര്‍ന്നത്. അതേസമയം, വോട്ട് വിഹിതം ഗണ്യമായി കുറയുന്നത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൂന്നാം സ്ഥാനത്താണ് ചാത്തന്നൂരില്‍ ഫിനിഷ് ചെയ്‌തത് എന്നത് ഇക്കുറി നിര്‍ണായകമാകുമോ എന്ന് കാത്തിരുന്നറിയാം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming