മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായ ഏറനാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ പി.കെ. ബഷീർ വീണ്ടും മത്സരിക്കുന്നു. ചരിത്രപരമായ ആധിപത്യവും തദ്ദേശ തെരഞ്ഞെടുപ്പിലെ മുൻതൂക്കവും യുഡിഎഫിന് പ്രതീക്ഷ നൽകുമ്പോൾ, മാറ്റം സാധ്യമാണെന്ന വിശ്വാസത്തിൽ സിപിഐയുടെ അഡ്വ. ഷഫീർ കിഴിശ്ശേരിയെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
ഏറനാട്: മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിലെ വോട്ടർമാർ ഇത്തവണ ആരെ തെരഞ്ഞെടുക്കുമെന്നത് നിർണ്ണായകമാണ്. കോൺഗ്രസിന് വലിയ പിൻബലമില്ലാത്ത മണ്ഡലത്തിൽ ഘടകകക്ഷിയായ മുസ്ലീ ലീഗാണ് തുടർച്ചയായി വിജയിച്ച് പോരുന്നതും. കയ്യിലിരിക്കുന്ന കോട്ടകൊത്തളങ്ങൾ കാക്കുവാൻ ലീഗ് ജില്ലയിൽ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഏറനാട്ടിൽ സിറ്റിങ് എംഎൽഎ പി.കെ. ബഷീറിനെ തന്നെ കളത്തിലേക്കിറക്കുമ്പോൾ മണ്ഡലത്തിലെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് ലീഗ്. എന്നിരുന്നാലും എല്ലാക്കാലവും തൽസ്ഥിതി തുടരുകയില്ല വ്യതിയാനങ്ങൾ സംഭവിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഷഫീർ കിഴിശ്ശേരി വ്യക്തമാക്കിയത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എഐവൈഎഫ് ജില്ലാ സെക്രട്ടറിയുമാണ് അഡ്വ. ഷഫീർ കിഴിശ്ശേരി.
ഏറനാട് മണ്ഡലത്തിലെ വോട്ട് നില
അടുപ്പിച്ച് മൂന്ന് ടേം എംഎൽഎയായ പി.കെ ബഷീർ 2011-ലും, 2016-ലും, 2021-ലും ഏറനാട് മണ്ഡലത്തിൽ ശക്തി തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 78,076 വോട്ടുകൾ ലഭിച്ചിരുന്നു. ഇടതുമുന്നണി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കെ. ടി. അബ്‌ദുറഹിമാന് 55,530 വോട്ടിൽ ഒതുങ്ങേണ്ടിവന്നിരുന്നു. 2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടന്ന 2011-ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രന്‍ പി.വി. അൻവർ രണ്ടാം സ്ഥാനത്ത് എത്തിയതും ഏറനാടിന്‍റെ രാഷ്ട്രീയ ചരിത്രമാണ്. അന്ന് സിപിഐക്ക് 2,700 വോട്ടുകള്‍ മാത്രമേ കിട്ടിയുള്ളൂ. രൂപീകരണ കാലം മുതൽ ലീഗിന് കൃത്യമായ വേരോട്ടമുള്ള മണ്ണാണ് ഏറനാട്. ബിജെപിയും മറ്റ് പ്രാദേശിക ഗ്രൂപ്പുകളും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പ്രധാന മുന്നണികളുമായി താരതമ്യം ചെയ്യുമ്പോൾ അവർക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം യുഡിഎഫിന് അനകൂലമായതും ഇത്തവണ ശുഭപ്രതീക്ഷയായിട്ടാണ് കണക്കാക്കുന്നത്. മുസ്ലീം ലീഗിൽ നിന്നും തിരിച്ചുപിടിച്ച് എൽഡിഎഫ് ഭരണത്തിലിരുന്ന എടവണ്ണ പഞ്ചായത്തുൾപ്പടെ ഇന്ന് യുഡിഎഫ് കൈപ്പിടിയിലാണ്.



