നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വര്‍ധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 78.27ശതമാനമാണ് സംസ്ഥാനത്തെ പോളിങ്.1987ന് ശേഷമുള്ള ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വര്‍ധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 78.27ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്. 1987ന് ശേഷമുള്ള ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്. എൽഡിഎഫ് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ 80സീറ്റിലധികം ഉറപ്പാണെന്നാണ് യുഡിഎഫ് ക്യാമ്പ് വ്യക്തമാക്കുന്നത്.
ഭരണവിരുദ്ധ തരംഗമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ 100ലധികം സീറ്റുകള്‍ നേടുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ, കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ആവർത്തിക്കുമെന്ന് എൽഡിഎഫ് കരുതുന്നു. ചുരുങ്ങിയത് മൂന്ന് സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. കടുത്ത മത്സരം നടന്ന മലബാറിലെ പല മണ്ഡലങ്ങളിലും ഇക്കുറി കനത്ത പോളിംഗ് ആണ് നടന്നത്. വടക്കുള്ള പല ജില്ലകളിലെയും പോളിംഗ് സംസ്ഥാന ശരാശരിക്കും മുകളിലാണ്. എസ് ഐ ആറിന് ശേഷമുള്ള ആദ്യബല പരീക്ഷണം മലബാറിൽ ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലും കണക്ക് കൂട്ടലിലുമാണ് മുന്നണികൾ
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം
കോഴിക്കോട് -81.36 %.
പാലക്കാട് -80.56,
എറണാകുളം -79.89,
മലപ്പുറം - 79.82,
കാസർകോട് -79.11,
വയനാട് - 78.81,
കണ്ണൂർ - 78.60,
ആലപ്പുഴ - 77.39,
ഇടുക്കി - 77.15,
തൃശ്ശൂർ -77.11,
തിരുവനന്തപുരം - 77.04,
കൊല്ലം - 76.29,
കോട്ടയം - 74.77,
പത്തനംതിട്ട - 70.76



