പിണറായി വിജയൻ സർക്കാർ കേരളത്തെ നരകമാക്കി മാറ്റിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ ആരോപിച്ചു. കോൺഗ്രസ് പിന്തുണ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും എന്നാൽ ബിജെപി പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നും, ക്രിമിനലുകൾ വാഴുന്ന സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആലപ്പുഴ: പിണറായി വിജയൻ സർക്കാർ കേരളത്തെ നരക കേരളമാക്കി മാറ്റിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ. താൻ കോൺഗ്രസ് - ബിജെപി പിന്തുണയിൽ മത്സരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്, എന്നാൽ ബിജെപി പിന്തുണ താൻ തേടിയിട്ടില്ല. കോൺഗ്രസ് പിന്തുണ അഭിമാനത്തോടെ സ്വീകരിക്കുന്നു. ബിജെപി മതേതര പ്രസ്ഥാനമല്ല. കേരളത്തിൽ പിണറായി വിജയന് വിജയിപ്പിക്കാൻ കഴിഞ്ഞത് ഒറ്റ എംപിയെ മാത്രം. 64 സിപിഎം എംപിമാർ ഉണ്ടായിരുന്ന കാലത്ത് നിന്ന് സിപിഎം എംപിമാരുടെ എണ്ണം ആറിലേക്ക് ഒതുങ്ങി. പിണറായി വിജയന് അതിൽ വലിയ പങ്കുണ്ട്. പിണറായി വിജയൻ പോളിറ്റ് ബ്യൂറോയിൽ ഉറങ്ങുകയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയൻ കേരളത്തിൽ കോൺഗ്രസിനെതിരെ അനാവശ്യമായ ആക്ഷേപം ഉന്നയിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അസഭ്യം പറയലാണ് രാഷ്ട്രീയമെന്ന് സിപിഎം നേതാക്കൾ കരുതുന്നു. സജി ചെറിയാൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കി മത്സരിക്കുന്നു. പിണറായി വിജയന്റെ വലം കൈയാണ് സജി ചെറായൻ. അദ്ദേഹത്തിൻ്റെ നാട് മണൽ മാഫിയയുടെ കേന്ദ്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഒന്നും മറച്ചു വയ്ക്കരുത്. രണ്ട് സിപിഎം സ്ഥാനാർഥികൾ ഇന്ന് കോടീശ്വരന്മാരാണ്. ദാരിദ്ര്യത്തിൽ ജനിച്ചവർ എങ്ങനെ കോടീശ്വരന്മാരായെന്ന് അദ്ദേഹം ചോദിച്ചു.

പിണറായി ആണ് എന്നെയൊക്കെ വളർത്തിയത് എന്ന് പറയുന്നുവെന്ന് പറഞ്ഞ ജി സുധാകരൻ, താൻരാഷ്രീയം തുടങ്ങിയ കാലത്ത് അദ്ദേഹമൊന്നുമില്ലെന്നും പറഞ്ഞു. ഞാൻ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. അന്ന് പിണറായിയെ ആർക്കും അറിയുക പോലുമില്ല. ആഞ്ഞു പിടിച്ചാൽ സിപിഎമ്മിന് ഇത്തവണ ഒന്നോ രണ്ടോ സീറ്റ് കിട്ടും. എന്റെ സ്വാതന്ത്ര്യം പിണറായിക്ക് മുന്നിൽ അടിയറവയ്ക്കാൻ ഞാനില്ല. ആലപ്പുഴ ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ രീതിയല്ല പിണറായി സർക്കാരിന്. ക്രിമിനലുകൾ വാഴുന്ന സർക്കാരാണിത്. ഈ പോരാട്ടം നാളത്തെ തലമുറയ്ക്ക് വേണ്ടി. യുഡിഎഫിൻ്റെ ഒൻപത് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്നും വേദിയിൽ ജി സുധാകരൻ പ്രസംഗിച്ചു.