ഉയര്‍ന്ന പോളിംഗ് ശതമാനം എത്രത്തോളം സഹായിക്കും എന്ന് കണക്കുകൂട്ടുകയാണ് മൂന്ന് മുന്നണികളും. കനത്ത പോളിംഗ് ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കനത്ത പോളിംഗ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിംഗായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയതെങ്കില്‍ 2026-ല്‍ അത് അന്തിമ കണക്കുകള്‍ വരും മുമ്പേ 77.62 ശതമാനം ആയി ഉയര്‍ന്നു. ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്‌തു. ഉയര്‍ന്ന പോളിംഗ് ശതമാനം എത്രത്തോളം സഹായിക്കും എന്ന് കണക്കുകൂട്ടുകയാണ് മൂന്ന് മുന്നണികളും. കനത്ത പോളിംഗ് ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.

കേരളത്തില്‍ കനത്ത പോളിംഗ്

കേരളത്തില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. പോളിംഗ് ശതമാനം ഉയര്‍ന്നത് ഭരണ മാറ്റത്തിന്‍റെ പ്രത്യക്ഷ സൂചനയായി യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പോളിംഗ് ഉയര്‍ന്നതോടെ 100 സീറ്റ് എന്ന അവകാശവാദം വീണ്ടും ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും പ്രതികരിച്ചു. ടീം യുഡിഎഫ് 100 സീറ്റ് നേടുമെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ അവകാശപ്പെട്ടു.

അതേസമയം, പോളിംഗ് മികച്ച പോളിംഗ് ശതമാനം ഭരണത്തുടര്‍ച്ചയ്‌ക്കുള്ള സൂചനയാണ് എന്നാണ് എല്‍ഡിഎഫ് ക്യാംപിന്‍റെ വിലയിരുത്തല്‍. ഉയര്‍ന്ന വോട്ടിംഗ് എൽഡിഎഫിന് അനുകൂലമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകള്‍. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷവുമായി ഭരണ തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്‌ത ശേഷം അവകാശപ്പെട്ടു.

പോളിംഗ് ശതമാനം ഉയര്‍ന്നതില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയും പ്രതീക്ഷ വയ്‌ക്കുന്നു. മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വലിയ സര്‍പ്രൈസുകള്‍ കാണാം എന്നാണ് എന്‍ഡിഎ അവകാശപ്പെടുന്നത്. 'സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപി നിർണായക ശക്തിയാകും' എന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ കണ്ടത് വലിയ ക്യൂ

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് ദിനത്തില്‍ രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖരും സ്ഥാനാര്‍ഥികളുമെല്ലാം രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാന്‍ അനുവദിച്ച, വൈകിട്ട് ആറ് മണിക്ക് ശേഷവും സംസ്ഥാനത്തുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ വലിയ ക്യൂ ദൃശ്യമായി. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming