പി സി ജോർജിനെ കേന്ദ്രീകരിച്ച് കാൽനൂറ്റാണ്ടോളം നിലനിന്ന ചരിത്രമുള്ള മണ്ഡലമാണ് പൂഞ്ഞാർ. സമീപകാലത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് പൂഞ്ഞാര്‍ സാക്ഷ്യം വഹിച്ചത്.

കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കെ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലം. പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിന് ഉപരിയായി വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്ന മണ്ഡലമായാണ് പൂഞ്ഞാർ എക്കാലത്തും അറിയപ്പെടുന്നത്. എന്നാൽ സമീപകാലത്ത് കീഴ്വഴക്കങ്ങൾ തെറ്റിച്ച പൂഞ്ഞാര്‍ പലപ്പോഴും വാശിയേറിയ പോരാട്ടങ്ങൾക്കും അപ്രതീക്ഷിതമായ ജനവിധികൾക്കും സാക്ഷിയാകാറുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പി സി ജോർജിന്റെ പൂഞ്ഞാർ

പി സി ജോർജ് എന്ന രാഷ്ട്രീയ നേതാവിനെ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലം പൂഞ്ഞാറിലെ രാഷ്ട്രീയം കറങ്ങിയത്. 1996 മുതൽ തുടർച്ചയായി 25 വർഷമാണ് പി സി ജോർജ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇടത് മുന്നണിയ്ക്കൊപ്പവും വലത് മുന്നണിയ്ക്കൊപ്പവും മാറിമാറി നിന്നാണ് അദ്ദേഹം പൂഞ്ഞാറിനെ പ്രതിനിധീകരിച്ചത്. 2001ലും 2006ലും എൽഡിഎഫിനൊപ്പം വിജയിച്ച പി സി 2011ൽ കെ എം മാണിയോടൊപ്പം ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായാണ് ജയിച്ചത്. 2016ൽ ഒറ്റയ്ക്ക് മത്സരിച്ച അദ്ദേഹം റെക്കോർഡ് ഭൂരിപക്ഷത്തോടെ (27,821) വിജയിച്ചത് കേരള രാഷ്ട്രീയത്തെ അടിമുടി ആശ്ചര്യപ്പെടുത്തി.

അട്ടിമറി

25 വർഷക്കാലത്തെ പി സി ജോർജിന്റെ ആധിപത്യം അവസാനിപ്പിച്ചത് ഇടതുമുന്നണിയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 16,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിൽ പി സി ജോർജിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കുടിയേറ്റ കർഷകരുടെ വിശ്വസ്തനായ സംരക്ഷകൻ എന്ന നിലയിൽ കെട്ടിപ്പടുത്ത രാഷ്ട്രീയ അടിത്തറ, പിൽക്കാലത്ത് അദ്ദേഹം സ്വീകരിച്ച തീവ്രമായ നിലപാടുകളോടെ തകരാൻ തുടങ്ങി. പ്രകോപനപരമായ പ്രസംഗങ്ങളും ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് നടത്തിയ വിവാദ പ്രസ്താവനകളും പൂഞ്ഞാറിലെ വോട്ടർമാരെ ഇരുത്തി ചിന്തിപ്പിച്ചു. വികസന രാഷ്ട്രീയത്തേക്കാൾ വർഗ്ഗീയ ധ്രുവീകരണത്തിന് പി സി ജോർജ് മുൻഗണന നൽകുന്നു എന്ന ധാരണ ജനങ്ങളിൽ അതിവേ​ഗം പടർന്നു. ഇത് പി സിയുടെ രാഷ്ട്രീയ ഗ്രാഫ് താഴാൻ കാരണമായി.

പൂഞ്ഞാറിന്റെ സവിശേഷതകൾ

ഒരുകാലത്ത് വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തിനാണ് പൂഞ്ഞാർ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ ഇന്ന് സാമൂഹിക സൗഹാർദ്ദത്തിനും വികസനത്തിനുമാണ് പ്രാധാന്യം നൽകുന്നത്. ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാർ ഹൈറേഞ്ചിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. നഗരവൽക്കരണത്തിൽ നിന്ന് ഇപ്പോഴും അകന്നുനിൽക്കുന്ന മണ്ഡലത്തിലെ പ്രധാന സാമ്പത്തിക ശ്രോതസ് റബ്ബറാണ്. അതിനാൽ തന്നെ റബ്ബറിന്റെ താങ്ങുവിലയും അന്താരാഷ്ട്ര വിപണികളിലെ വ്യതിയാനങ്ങളും പൂഞ്ഞാറിലെ ജനജീവിതത്തെ ബാധിക്കാറുണ്ട്. സിറിയൻ ക്രിസ്ത്യൻ, ഈഴവ, മുസ്ലിം വിഭാഗങ്ങൾ പൂഞ്ഞാറിലെ രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളാണ്. ഈരാറ്റുപേട്ടയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മുസ്ലീം വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുണ്ട്.

2026ലെ സ്ഥാനാർത്ഥികൾ

ഇത്തവണ എൽഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെയാണ് പൂഞ്ഞാറില്‍ പോരിനിറങ്ങുന്നത്. യുഡിഎഫിന് വേണ്ടി സെബാസ്റ്റ്യൻ എം ജെ കളത്തിലിറങ്ങും. എൻഡിഎ സ്ഥാനാര്‍ത്ഥിയായാണ് പി സി ജോര്‍ജ് ഇത്തവണ പൂഞ്ഞാറിൽ വോട്ടുചോദിക്കുന്നത്.