കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ എൽഡിഎഫിന്റെ സീറ്റുനില ഓർമ്മിപ്പിച്ച് കോൺഗ്രസിനെതിരെ എംഎം മണി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. 98, 68, 91, 99 എന്നിങ്ങനെ എൽഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ 'മിഷൻ 100' നെ അദ്ദേഹം പരിഹസിച്ചത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ക്യാമ്പുകളിൽ സജീവമാകുന്നതിനിടെ, യുഡിഎഫിന് കഴിഞ്ഞ കാലത്തെ കണക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് എംഎം മണി രംഗത്തെത്തി. "98, 68, 91, 99... ഇതൊരു ഫോൺ നമ്പറല്ല" എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നേടിയ സീറ്റുകളുടെ എണ്ണമാണ് അദ്ദേഹം ഈ അക്കങ്ങളിലൂടെ വ്യക്തമാക്കിയത്.
മണി സൂചിപ്പിച്ച കണക്കുകൾ
98: 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ സീറ്റുകൾ (വി.എസ്. അച്യുതാനന്ദൻ സർക്കാർ), 68: 2011-ൽ പ്രതിപക്ഷത്തിരുന്നപ്പോൾ നേടിയ സീറ്റുകൾ, 91: 2016-ൽ എൽ.ഡി.എഫ് അധികാരം പിടിച്ചെടുത്തപ്പോൾ നേടിയ സീറ്റുകൾ. 99: 2021-ൽ ചരിത്രപരമായ തുടർച്ച നേടിയപ്പോൾ ലഭിച്ച സീറ്റുകൾ. വയനാട് ക്യാമ്പിൽ കോൺഗ്രസ് 'മിഷൻ 100' എന്ന പേരിൽ 100 സീറ്റുകൾ ലക്ഷ്യമിടുമ്പോൾ, എൽ.ഡി.എഫിന്റെ കരുത്ത് ഈ അക്കങ്ങളിലുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് 'മണിയാശാൻ' നൽകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരം സൈബർ പോരാട്ടങ്ങൾ രാഷ്ട്രീയ ചൂട് വർദ്ധിപ്പിക്കുകയാണ്.


