സംസ്ഥാനത്തെ സ്വതന്ത്ര സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ചു. മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സിപി ജോണിന് കപ്പലും, സുധീർ കരമനയ്ക്ക് ക്യാമറയും, കെകെ രമയ്ക്ക് ടെലിവിഷനും ചിഹ്നമായി ലഭിച്ചു. മറ്റു പ്രമുഖ സ്വതന്ത്രരുടെ ചിഹ്നങ്ങളും ചിലയിടങ്ങളിലെ തർക്കങ്ങളും ലേഖനത്തിൽ വിശദീകരിക്കുന്നു.
സംസ്ഥാനത്ത് മൂന്നുമുന്നണികളുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികള്‍ക്കും മറ്റു സ്വതന്ത്ര സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ചിഹ്നങ്ങൾ അനുവദിച്ചു നൽകിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫ് സ്ഥാനാർഥി സിപി ജോണിനു കപ്പലാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഇടതുപക്ഷ പിന്തുണയോടെ മത്സരിക്കുന്ന സുധീർ കരമനയ്ക്ക് ക്യാമറയാണ് ചിഹ്നമായി നൽകിയിരിക്കുന്നത്. അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്റെ ചിഹ്നം തെങ്ങിന്‍ തോട്ടമാണ്.
സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തളിപ്പറമ്പിൽ വിമതനായി മത്സിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടര്‍ ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖിന് കുടം ചിഹ്നമാണ്. കോവളത്തെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഭഗത് റൂഫസിനു ചിഹ്നം മുന്തിരിയും പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോളും ആണ് ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്.
കെകെ രമയ്ക്ക് ഇത്തവണ ടെലിവിഷൻ
യുഡിഎഫ് പിന്തുണയുള്ള ആർഎംപി സ്ഥാനാർഥി കെകെ രമയ്ക്ക് കഴിഞ്ഞ തവണ ‘ഫുട്ബോൾ’ ആയിരുന്നു ചിഹ്നമെങ്കിൽ ഇത്തവണ ടെലിവിഷനാണ് അനുവദിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരൻ ആർഎംപി സ്ഥാനാർഥിയായി ആദ്യം മത്സരിക്കുമ്പോഴും ടെലിവിഷനായിരുന്നു. കഴിഞ്ഞതദ്ദേശ തെരെഞ്ഞെടുപ്പിൽ ആർഎംപിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് കിട്ടിയതുപോലെ ഫുട്ബാൾ ആയിരുന്നു കിട്ടിയിരുന്നത്. എന്നാൽ വടകരയിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ആർജെഡിയിലെ എംകെ ഭാസ്കരന് പാർട്ടി ചിഹ്നമായ റാന്തൽ തന്നെ ലഭിച്ചിട്ടുണ്ട്.
ബേപ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവറിന് ‘ഗ്യാസ് സിലിണ്ടർ’ ആണ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്. പിഎ മുഹമ്മദ് റിയാസിനെതിരെയാണ് പിവി അൻവർ മത്സരിക്കുന്നത്. ഐഎൻഎൽ സംസ്ഥാനപ്രസിഡന്റും മുൻമന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനു ഗ്ലാസ് ടംബ്ലർ ചിഹ്നം ഇപ്രാവശ്യം നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്രാവശ്യം ബക്കറ്റാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
ശശീന്ദ്രന് ക്ലോക്കില്ല
എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി എകെ ശശീന്ദ്രന് കഴിഞ്ഞ പ്രാവശ്യം ലഭിച്ച ക്ലോക്ക് ഇത്തവണ നഷ്ടപ്പെട്ടത് വൻ വിവാദമായിരുന്നു. 'കാഹളമൂതുന്ന പുരുഷൻ’ ചിഹ്നമാണ് എൻസിപി- എസ്സിന് ദേശീയ തലത്തിൽ അനുവദിച്ചിരിക്കുന്നത്. എൽഡിഎഫ് പരാതി നൽകിയെങ്കിലും അതു പരിഗണിച്ചില്ല. ദേശീയ തലത്തിൽ അജിത് പവാറിൻ്റെ ചിഹ്നമാണ് ക്ലോക്ക്. എന്നാൽ പാർട്ടി പിളർന്നതോടെ ചിഹ്നത്തിനായി ഇരു വിഭാഗവും പോരാടുകയാണ്.
ട്വന്റി 20 സ്ഥാനാർഥികൾക്ക് ചക്കയാണ് അനുവദിച്ച് നൽകിയിരിക്കുന്നത്. കൊടുവള്ളിയിലെ ബിഡിജെഎസ് സ്ഥാനാർഥിയായ ഗിരി പാമ്പനാൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ ‘മൺകല’മായിരുന്നു ചിഹ്നം. എന്നാൽ ഇപ്രാവശ്യം തെങ്ങിൻ തോപ്പാണ് നൽകിയിരിക്കുന്നത്. റവൂരിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് ആദ്യം അനുവദിച്ചത് ആപ്പിൽ ആയിരുന്നു. എന്നാൽ രാത്രിയോടെ അത് മാറ്റി നൽകേണ്ടിയും വന്നു. ഈ ചിഹ്നം സ്വതന്ത്രർക്ക് അനുവദിക്കരുതെന്ന് ചീഫ് ഇലക്ടറൽ ഓഫിസിൽ നിന്നു നിർദേശമെത്തുകയായിരുന്നു. എന്നാൽ ഫുട്ബോൾ വേണമെന്നായി സ്ഥാനാർഥി. അതും നൽകാനാകില്ലെന്ന് നിർദേശം വന്നതോടെ ബാറ്റ് നൽകി ഒത്തുതീർപ്പിലെത്തുകയായിരുന്നു.
പെരുമ്പാവൂരിലും ഇതുപോലെ സംഭവം ഉണ്ടായിരുന്നു. 2 സ്വതന്ത്രർക്ക് ആദ്യം പരിഗണിച്ച ചിഹ്നങ്ങൾ പിൻവലിക്കേണ്ടി വന്നു. സ്ഥാനാർഥികളിൽ നിന്ന് സമ്മതപത്രം എഴുതി വാങ്ങിയ ശേഷം വീണ്ടും മറ്റ് ചിഹ്നങ്ങൾ അനുവദിക്കുകയായിരുന്നു. ൻകാലങ്ങളിലേതു പോലെ തിരഞ്ഞടുപ്പു കമ്മിഷൻ ചിഹ്നങ്ങളുടെ പട്ടിക മുൻകൂട്ടി വരണാധികാരിമാർക്ക് നൽകാതിരുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായത്.


