കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കണ്ണൂർ ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും 100% വെബ്‌കാസ്റ്റിംഗും ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തി. കാസർകോട് ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനിടെ, വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തൃശ്ശൂരിൽ ഭക്ഷണക്കിറ്റുകൾ പിടിച്ചെടുത്ത് കേസെടുത്തു.
കണ്ണൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിലെ വോട്ടെടുപ്പ് പ്രക്രിയ സുതാര്യവും കുറ്റമറ്റതുമാക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും അകത്തും പുറത്തും 100 ശതമാനം വെബ്‌കാസ്റ്റിംഗും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.
ജില്ലയിലെ 2,177 പോളിംഗ് സ്റ്റേഷനുകളിലും ക്യാമറകൾ അതിവേഗം സ്ഥാപിച്ചുവരികയാണ്. ഓരോ ബൂത്തിന് പുറത്തും സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലൂടെ വോട്ടർമാരുടെ ക്യൂ കൃത്യമായി നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കും.
നിരീക്ഷണ സംവിധാനം
രണ്ട് തലങ്ങളിലായാണ് വെബ്‌കാസ്റ്റിംഗിന്റെ തത്സമയ നിരീക്ഷണം സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ തലത്തിൽ കണ്ണൂർ കളക്ടറേറ്റിലെ കൺട്രോൾ റൂമിലാണ് തത്സമയ നിരീക്ഷണം സജ്ജമാക്കിയിരിക്കുന്നത്. ഓരോ നിയസഭാ മണ്ഡലത്തിലും അതത് റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിലുള്ള കൺട്രോൾ റൂമുകൾ ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകർ ഈ മണ്ഡലതല കേന്ദ്രങ്ങൾ സന്ദർശിക്കും. ഈ പദ്ധതിക്കായി വെബ്‌കാസ്റ്റിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. കണ്ണൂരിലെ വോട്ടെടുപ്പ് പ്രക്രിയയുടെ മുഴുവൻ ദൃശ്യങ്ങളും ഹാർഡ് ഡിസ്‌കുകളിൽ റെക്കോർഡ് ചെയ്യുകയും പിന്നീട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയും ചെയ്യും.
മണ്ഡലങ്ങളും തിരഞ്ഞെടുപ്പ് നടപടികളും
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്ല്യാശ്ശേരി, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി, മട്ടന്നൂർ, കൂത്തുപറമ്പ്, പേരാവൂ എന്നിങ്ങനെ 11 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഈ മണ്ഡലങ്ങളിലെ ബൂത്തുകളിലെല്ലാം ക്യാമറകൾ സ്ഥാപിക്കും.
കാസർകോട് ജില്ലയിലും വെബ് ക്യാമറ
കാസർകോട് ജില്ലയിലെ 119 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനമുണ്ട്. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് ജില്ലാതല വെബ് കാസ്റ്റിങ് മോണിറ്ററിങ് സെന്റര്‍ പ്രവര്‍ത്തിക്കുക. സ്ഥാനാർഥികൾ ആവശ്യപ്പെടുന്ന കൂടുതൽ ബൂത്തുകളിൽ ക്യമറകൾ സ്ഥാപിക്കും. എന്നാൽ ഇതിന് 1600 രൂപ നികുതി അടക്കേണ്ടിവരും. ജില്ലയില്‍ 436 ബൂത്തുകള്‍ സംഘർഘ സാധ്യതയുള്ളവയായും, 97 എണ്ണം അതീവ ജാഗ്രതാ ബൂത്തുകളായും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തിട്ടുണ്ട്. ജില്ലയിലെ തെരഞ്ഞടുപ്പ് ജോലിയിൽ 6,584 ഉദ്യോഗസ്ഥരാണുള്ളത്. ഇതിൽ വനിത ഉദ്യോഗസ്ഥർ 3,995 പേരുണ്ട്. വനിത ഉദ്യോഗസ്ഥർ മാത്രമുള്ള 179 ബൂത്തുകളും ജില്ലയിലുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂർ വെസ്റ്റ് പൊലീസ് അനധികൃതമായി വിതരണം ചെയ്ത ഭക്ഷണക്കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ കേസെടുത്തു. ഒളരി പാർത്ഥസാരഥി ക്ഷേത്രത്തിനും കാർത്തിക സൂപ്പർ മാർക്കറ്റിനും സമീപം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ബിന്ദു ടിഎന്നിൻ്റെ മേൽനോട്ടത്തിൽ ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ശിവരാമപുരം കോളനിയിൽ വിതരണം ചെയ്യാനായി എത്തിച്ച, ഏകദേശം 900 രൂപ വിലമതിക്കുന്ന 26 കിറ്റുകളാണ് പിടിച്ചെടുത്തത്. ഇതിനോടകം 75 കിറ്റുകൾ വിതരണം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ഭാരതീയ ന്യായ സംഹിത (BNS), ജനപ്രാതിനിധ്യ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


