തിരുവനന്തപുരം: പുനഃസംഘടനയോട് മുഖം തിരിഞ്ഞുനിൽക്കുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്‍റെ നടപടിയിൽ ഹൈക്കമാൻഡിന് അതൃപ്തി. എ, ഐ ഗ്രൂപ്പുകളുടെ വിമുഖത മൂലം പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ സാധ്യതാ പട്ടിക പോലും കെപിസിസി തയ്യാറാക്കിയിട്ടില്ല ഇനിയും. 

തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവിയുടെ പ്രധാനകാരണമായി സംസ്ഥാനത്തെത്തിയ എഐസിസി പ്രതിനിധികൾക്ക് മുന്നിൽ നേതാക്കൾ ചൂണ്ടിക്കാണിച്ചത് സംഘടനാ ദൗർബ്ബല്യം തന്നെയായിരുന്നു. ഏറ്റവും അധികം വിമ‍ർശനം ഉയർന്നത് ഡിസിസി അധ്യക്ഷന്മാർക്കെതിരെ. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, ഇടുക്കി, കാസർക്കോട്, കോട്ടയം അടക്കമുള്ള ഡിസിസികളുടെ അഴിച്ചുപണി ഉറപ്പിച്ചു. എഐസിസി പകരം വെക്കേണ്ടവരുടെ പട്ടിക ആവശ്യപ്പെട്ടെങ്കിലും ഗ്രൂപ്പുകൾ ഉടക്കിട്ടു. ഗ്രൂപ്പ് വീതം വെച്ച് എടുത്ത സ്ഥാനങ്ങൾ പോകുമോ എന്നുള്ളതാണ് പ്രധാന ആശങ്ക. 

നിയമസഭാ തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാൽ ഇനി പുന:സംഘടന വേണോ എന്ന അഭിപ്രായം വരെ ഉയ‍ർത്തിയാണ് പിടിച്ചുനിൽക്കൽ. അഴിച്ചുപണിക്ക് മുല്ലപ്പള്ളിക്ക് താല്പര്യമുണ്ടെങ്കിലും എ-ഐ ഗ്രൂപ്പുകൾക്കാണ് മെല്ലെപ്പോക്ക്. താഴെത്തട്ടിഷ നിന്നുയർന്ന അഭിപ്രായങ്ങൾക്ക് അനുസരിച്ച് സമൂലമായ അഴിച്ചുപണിക്ക് ശ്രമിക്കുമ്പോഴുള്ള കെപിസിസിയുടെ ഈ തണുപ്പൻ നിലപാടിൽ ദില്ലിക്കുള്ളത് അതൃപ്തി.

എഐസിസി കൂടുതൽ കടുപ്പിച്ചാൽ കെപിസിസിക്ക് പിന്നെ അയയാതെ പറ്റില്ല. അതേ സമയം പുന:സംഘടനാ ചർച്ചകൾ സംസ്ഥാനത്ത് ഇനിയും പൂർത്തിയാകാനുണ്ടെന്നാണ് നേതാക്കളുടെ വിശദീകരണം.