കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് യുഡിഎഫ് ആണ്. യുഡിഎഫ് 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, എല്‍ഡിഎഫും എന്‍ഡിഎയും പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വൈകുന്നത് മുന്നണികള്‍ക്കുള്ളിലെ ആശയക്കുഴപ്പങ്ങളും സംഘടനാപരമായ പാളിച്ചകളും സൂചിപ്പിക്കുന്നു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടേറി വരികയാണ്. ഏപ്രില്‍ 9 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികാ സമര്‍പ്പിക്കാന്‍ ഇനി വെറും 2 ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണമടക്കം തുടങ്ങിയിരുന്നു. എന്നാല്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും എല്ലാ മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തീര്‍ന്നോ? എന്താണ് കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍?
യുഡിഎഫ്
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ വൈകിയെന്ന് പ്രതിപക്ഷ പാര്‍ട്ടികളടക്കം പരിഹസിച്ച യുഡിഎഫ് ആണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് യുഡിഎഫ് 140 മണ്ഡലങ്ങളിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് പട്ടിക പുറത്തു വിട്ടത്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, ജെഎസ്എസ്, കെഡിപി, എഐടിസി തുടങ്ങിയ പ്രധാന ഘടക കക്ഷികളാണ് യുഡിഎഫിന് കീഴില്‍ വരുന്നത്. ഇതില്‍ 95 സീറ്റുകളില്‍ കോണ്‍ഗ്രസും 27 മണ്ഡലങ്ങളില്‍ ലീഗും ആണ് മത്സരിക്കുന്നത്. എട്ട് മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരത്തിനിറങ്ങുന്നുണ്ട്. മറ്റു മണ്ഡലങ്ങളില്‍ ബാക്കി വരുന്ന ഘടക കക്ഷികളും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നുണ്ട്. കനത്ത വിജയത്തിലുപരി മറ്റൊന്നും ലക്ഷ്യമിടാത്ത ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിച്ചത് വിജയ സാധ്യത എന്ന മാനദണ്ഡം മാത്രമായിരുന്നു. മത-സാമുദായിക-പ്രാദേശിക സമവാക്യങ്ങള്‍ പാലിക്കുന്നതിനൊപ്പം വിജയസാധ്യതയും ആരാഞ്ഞാണ് പട്ടിക തയ്യാറാക്കിയത്. പല തലങ്ങളില്‍ സര്‍വ്വേകളും പഠനങ്ങളും നടത്തി. മാസങ്ങള്‍ക്ക് മുന്നേ മുന്നൊരുക്കം തുടങ്ങി. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായി. എല്‍ഡിഎഫും എന്‍ഡിഎയും മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി.
എൽഡിഎഫ്
അതേസമയം, എല്‍ഡിഎഫ് ഇതുവരെ 130ൽപ്പരം മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വൈകുന്നത് മുന്നണിക്കുള്ളിലെ ആശയക്കുഴപ്പങ്ങളുടെ സൂചനയാണെന്നാണ് വിലയിരുത്തല്‍. പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷമുള്ള ക്ഷീണവും ചില മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഇതിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് (എം), കേരള കോണ്‍ഗ്രസ് (ബി), ജനതാദള്‍ (സെക്കുലര്‍), ഇന്ത്യന്‍ നാഷണല്‍ ലീഗ്, കോണ്‍ഗ്രസ് (എസ്) തുടങ്ങിയ പ്രധാന ഘടക കക്ഷികളാണ് ഉള്ളത്. ഇതില്‍, 86 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. 75 സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥികളും 11 ഇടത്ത് സ്വതന്ത്രരും ജനവിധി തേടുന്നു. 56 ഇടങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ മത്സരിക്കും. സിറ്റിംഗ് എംഎല്‍എമാരെത്തന്നെ വീണ്ടും വീണ്ടും പരിഗണിക്കുന്ന സമീപനവും പാര്‍ട്ടിക്കു വേണ്ടി ജീവന്‍കൊടുക്കാന്‍ തയ്യാറായ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ അവഗണിക്കുന്ന ശീലവും പ്രാദേശിക തലങ്ങളില്‍ അസംതൃപ്തി സൃഷ്ടിക്കുന്നുണ്ട്.
ബിജെപി
എന്‍ഡിഎ അവസാനഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിലാണ് ഇപ്പോൾ. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാത്തത് മത്സരിക്കാന്‍ മികച്ച നേതാക്കള്‍ ഇല്ലാത്തത് കൊണ്ടാണെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളില്‍ നിന്ന് വിമതരായി പുറത്തുവരാനിടയുള്ള നേതാക്കളെ പരിഗണിച്ചാണ് ബിജെപി ഇനിയും കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ബിഡിജെഎസ്, ബിജെപി തുടങ്ങിയ പ്രധാന ഘടകക്ഷികള്‍ ചേര്‍ന്ന് ഇനിയും സീറ്റുകള്‍ പ്രഖ്യാപിക്കാന്‍ ബാക്കിയാണെന്ന് സാരം.
ഇപ്പോഴും എല്‍ഡിഎഫും, എന്‍ഡിഎയും അടക്കമുള്ള പാര്‍ട്ടികള്‍ മുഴുവനായും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് മുന്നണികളുടെ സംഘടനാപരമായ പാളിച്ചകളെയും ആത്മവിശ്വാസക്കുറവിനെയും തുറന്നു കാണിക്കുന്നതായാണ് നിരീക്ഷകര്‍ കരുതുന്നത്.


