Asianet News MalayalamAsianet News Malayalam

സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; പ്രതിപക്ഷം വിട്ടുനിന്നു

കേന്ദ്രത്തിന് എതിരായ പ്രമേയത്തിന് കാത്തുനിൽക്കാതെ സഭയിൽ  നിന്നിറങ്ങിപ്പോയ പ്രതിപക്ഷത്തെയും മന്ത്രി വിമ‍ർശിച്ചു

Kerala assembly passes resolution against central govt financial strtegy against Kerala kgn
Author
First Published Feb 2, 2024, 1:04 PM IST

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നാണ് പ്രമേയത്തിലെ  കുറ്റപ്പെടുത്തൽ. കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി സംസ്ഥാനങ്ങളെ കാണുന്നത് അവസാനിപ്പിക്കണം. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണം. കേന്ദ്രത്തിന് എതിരായ പ്രമേയത്തിന് കാത്തുനിൽക്കാതെ സഭയിൽ  നിന്നിറങ്ങിപ്പോയ പ്രതിപക്ഷത്തെയും മന്ത്രി വിമ‍ർശിച്ചു. കേരളത്തിന്റെ പൊതു ആവശ്യത്തിന് പ്രതിപക്ഷം കൂട്ടുനിന്നില്ലെന്നാണ് വിമർശനം. ഭേദഗതികളില്ലാതെയാണ് പ്രമേയം പാസ്സാക്കിയത്. 

മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ വിട്ടത്. കോടതി പരിഗണനയിലുള്ള കാരണം പറഞ്ഞാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരണം തന്നെ സ്പീക്കർ തടഞ്ഞത്. വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു നിയമസഭയിലെ പ്രതിപക്ഷത്തിൻറെ നീക്കം. തുടക്കം മുതൽ നോട്ടീസിന് തടയിട്ട് കർശന നിലപാടെടുത്ത് സ്പീക്കർ തടയിട്ടതോടെ, മുഖ്യമന്ത്രിക്കെതിരെ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ഭരണപക്ഷവും സീറ്റിൽ നിന്നെഴുന്നേറ്റതോടെ വാക്‌പോര് മുറുകി. പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് പോയ മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ല. സ്പീക്കർ അതിവേഗം  മറ്റ് നടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. അവസരം കൊടുത്തിട്ടും വീണക്ക് കൃത്യമായ വിശദീകരണം നൽകാനായില്ലെന്ന ആർഒസി കണ്ടെത്തലും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണവും കാണിക്കുന്നത് ക്രമക്കേട് അതീവ ഗുരുതരമെന്ന് പ്രതിപക്ഷം പിന്നീട് പറഞ്ഞു. കേന്ദ്ര ഏജൻസി അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം പ്രതിരോധം. സ്പീക്കർ പാര്‍ട്ടി സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് പ്രതിപക്ഷത്തിൻറെ ആക്ഷേപം. കോടതിയുടെ പരിഗണനയിലിരിക്കെ സോളാർ വിവാദങ്ങളിൽ യുഡിഎഫ് കാലത്ത് പലതവണ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയത് പ്രതിപക്ഷം എടുത്തുപറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios