Asianet News MalayalamAsianet News Malayalam

ആദായ നികുതി നിയമഭേദഗതി ഒഴിവാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി

ആദായ നികുതി മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു

kerala assembly passes resolution against pravasi income tax
Author
Thiruvananthapuram, First Published Feb 6, 2020, 3:32 PM IST

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന ആദായ നികുതി നിയമ ഭേദഗതി ഒഴിവാക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇ പി ജയരാജനാണ് പ്രമേയം അവതരിപ്പിച്ചത്. ആദായ നികുതി മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.

നികുതി ഇളവ് നൽകുന്ന സ്ഥിരവാസി പദവിയിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിലുള്ള ശുപാർശയിലാണ് കേരളത്തിന്‍റെ ആശങ്ക. നിലവിൽ വർഷത്തിൽ 182 ദിവസമോ അതിലേറെയോ ദിവസം ഇന്ത്യയിൽ താമസിക്കുന്നവർക്കാണ് നികുതി ബാധകം. എന്നാൽ ഇത് 120 ദിവസമായി കുറക്കുന്നതാണ് പുതിയ ഭേദഗതി.

ഇതോടെ നാട്ടിൽ വരുന്ന പ്രവാസികളിൽ പലരും ആദായ നികുതി ഇളവിന് പുറത്താകും. രാജ്യത്തിനായി വിദേശ നാണ്യം സമ്പാദിക്കുന്ന സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്ന പ്രവാസി വിരുദ്ധ ഭേദഗതിയിൽ നിന്നും പിന്മാറണമെന്നാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയിൽ ആർക്കും നികുതി നൽകേണ്ടി വരില്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ കത്തിന് മറുപടി നല്‍കിയത്. വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയിൽ നികുതിയീടാക്കില്ല. പ്രവാസിക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കിൽ അതിന് നികുതി നൽകണം.

വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയിൽ എന്തെങ്കിലും വരുമാനം ലഭിച്ചാൽ അതിനും നികുതി നൽകേണ്ടി വരും. അതല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നൽകേണ്ട എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. ഇത് ഗൾഫിലെ ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും നിർമലാ സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ മറുപടിയിൽ പറയുന്നു.

പക്ഷേ, വിഷയത്തില്‍ പ്രവാസികൾ വലിയ ആശങ്കയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. രാജ്യത്ത് വിഷയം സജീവ ചർച്ചയാക്കാൻ പ്രമേയം പാസാക്കണമെന്നും ഇ പി ജയരാജൻ നിയസഭയെ അറിയിച്ചു. എന്നാല്‍, പാർലമെന്റ് ബജറ്റ് ചർച്ചയിൽ നികുതി നിർദ്ദേശത്തിൽ തീരുമാനം വരാനിരിക്കുന്നതിനാൽ പ്രമേയം പാസാക്കുന്നതില്‍ വി ഡി സതീശന്‍ എംഎല്‍എ സംശയം ഉന്നയിച്ചു.  

Follow Us:
Download App:
  • android
  • ios