ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. എസ് ഐ ആർ അപാകത ചൂണ്ടിക്കാട്ടിയുള്ള പ്രമേയത്തെ എതിർത്ത ബിജെപി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഈ ഭേദഗതി തള്ളി
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പുറക്കാത്തണമെന്നാവശ്യപ്പെട്ടുള്ള കേരള നിയമസഭ പ്രമേയത്തെ ശക്തമായി എതിർത്ത് ബി ജെ പി. പ്രമേയത്തിൽ ഭേദഗതിയടക്കം നിർദ്ദേശിച്ചാണ് ബി ജെ പി എതിർപ്പ് വ്യക്തമാക്കിയത്. എസ് ഐ ആർ അപാകതയാണെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ബി ജെ പി നിയമസഭ കക്ഷി നേതാവ് ബി ബി ഗോപകുമാർ, അങ്ങനെയെങ്കിൽ നിയമസഭ പിരിച്ചുവിടുകയാണ് വേണ്ടെതെന്നാണ് ഭേദഗതി അവതരിപ്പിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബി ജെ പി അംഗങ്ങൾ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ബി ജെ പിയുടെ ഭേദഗതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പിന്നാലെ യു ഡി എഫ് - എൽ ഡി എഫ് എം എൽ എമാർ ഒന്നടങ്കം പിന്തുണച്ചതോടെ ഗ്യാനേഷിനെ പുറത്താക്കാനുള്ള പ്രമേയം സഭ പാസാക്കുകയായിരുന്നു.
രാജ്യത്ത് ആദ്യം
ഗ്യാനേഷ് കുമാറിന്‍റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളം പ്രമേയം പാസാക്കിയത്. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാനായി പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ യു ഡി എഫ് - എൽ ഡി എഫ് എം എൽ എമാർ ഒന്നടങ്കം പിന്തുണച്ചു. 3 ബി ജെ പി അംഗങ്ങൾ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്. എസ് ഐ ആർ അപാകത കാരണം അർഹരായവർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്നടക്കം പ്രമേയം കുറ്റപ്പെടുത്തി. എസ് ഐ ആർ നടപടികൾ സുതാര്യമാക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടു. നിലവിലെ പ്രവർത്തനം കമ്മീഷന്റെ വിശ്വാസ്യത ഇല്ലാതാക്കി. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം. കമ്മീഷണമാരെ തെരഞ്ഞെടുക്കുന്ന രീതി മാറ്റണം. ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി കമ്മീഷണമാരെ തെരഞ്ഞെടുക്കുന്ന സമിതി പുനസംഘടിപ്പിക്കണമെന്നടക്കം പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ഇതിന് വേണ്ട നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
