Asianet News MalayalamAsianet News Malayalam

കേരള പൊലീസിന്‍റെ കൂറ് നാഗ്‌പൂരിലല്ല എന്നുറപ്പാക്കണം: മുഖ്യമന്ത്രിയോട് ഷാഫി പറമ്പിൽ

ഭാരതീയന്റെ വിശുദ്ധ ഗ്രന്ഥം ഇന്ത്യയുടെ ഭരണഘടനയാണ്. ബിഹാറിലെ കോൺഗ്രസ് നേതാവ് രാകേഷ് കുമാര്‍ യാദവ് ഉൾപ്പടെ എല്ലാവരും വീരചരമം പ്രാപിച്ചത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനിടയിലാണ്. ഇന്ത്യയെന്നാൽ മോദിയും അമിത് ഷായും അല്ല. അത് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളാണ്

Kerala Assembly resolution against CAA Shafi Parambil to Pinarayi Vijayan on Police
Author
Thiruvananthapuram, First Published Dec 31, 2019, 11:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുടെ കൂറ് ആ‍‍എസ്എസിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന നാഗ്പൂരിലല്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചര്‍ച്ച ചെയ്ത സമ്മേളനത്തിലാണ് അദ്ദേഹം ഈ വിഷയത്തിലെ വിമര്‍ശനം ഉന്നയിച്ചത്. യുഎപിഎയും എൻഐഎയും അനാവശ്യമായി കേരളത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി വിഷയത്തിൽ മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹം സഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ഭാരതീയന്റെ വിശുദ്ധ ഗ്രന്ഥം ഇന്ത്യയുടെ ഭരണഘടനയാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ഇതിനെ തകര്‍ക്കാനുള്ള ശ്രമങ്ങൾ എന്ത് വിലകൊടുത്തും ചെറുക്കാനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ട്. ബിഹാറിലെ കോൺഗ്രസ് നേതാവ് രാകേഷ് കുമാര്‍ യാദവ് ഉൾപ്പടെ എല്ലാവരും വീരചരമം പ്രാപിച്ചത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനിടയിലാണ്."

സവര്‍ക്കറുടെയും ഭഗത് സിംഗിന്റെയും സ്വാതന്ത്ര്യസമരകാലത്തെ കത്തുകൾ പരാമര്‍ശിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. "ഷൂ നക്കിയ സവര്‍ക്കരുടെ  രാജ്യസ്നേഹം പിൻപറ്റുന്നവര്‍ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്ന് ഈ നാട്ടിലെ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും പറയുന്നു. ഞങ്ങളെ തൂക്കിക്കൊല്ലുന്നതിന് പകരം പട്ടാളക്കാരെ ഉപയോഗിച്ച് വെടിവച്ച് കൊല്ലണമെന്നാണ് ഭഗത്സിംഗ് തന്റെ കത്തിൽ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടത്. 
പണ്ഡിറ്റ് ജവഹ‍ര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നതിന്റെ കണക്കുകളാണ് സംഘികള്‍ നമ്മളോട് പറയുന്നത്. 3259 ദിവസം പണ്ഡിറ്റ് ജവഹ‍ര്‍ലാല്‍ നെഹ്റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മാപ്പും കോപ്പും എഴുതി കൊടുക്കാതെ തടവിൽ  കിടന്നിട്ടുണ്ട്."

"ഭരണഘടനയുടെ ആത്മാവിൽ പോലും വര്‍ഗീയത കലര്‍ത്താനുള്ള ശ്രമങ്ങളെ ചെറുത്തേ പറ്റൂ. അതിനും പിന്തുണ പ്രഖ്യാപിക്കുന്നവര്‍ ഇവിടെയുമുണ്ട്. ഗവര്‍ണര്‍ ഉൾപ്പടെയുള്ള സംവിധാനങ്ങള്‍ പറയുന്നത് ഇതാണ്. ഇന്ത്യയെ മറ്റൊരു പാക്കിസ്ഥാനാക്കി മാറ്റാനുള്ള ശ്രമമാണ് മോദിയും അമിത് ഷായും നടത്തുന്നത്. അവിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നയങ്ങള്‍ ഇന്ത്യയുടെ മണ്ണിലും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. സൈനിക മേധാവി രാഷ്ട്രീയം പറയുന്നത് പാക്കിസ്ഥാനിലാണ്. അത് ഇന്ത്യയിലും ആവര്‍ത്തിച്ചു.

കേരള ഗവര്‍ണര്‍ യുപിയിലെ അബ്ദുള്ളക്കുട്ടിയാണെന്ന് പറയുന്നത് കേട്ടു. അദ്ദേഹം പലപാര്‍ട്ടികള്‍ മാറിവന്ന് ഈ പറയുന്ന വിവേചനത്തിന് കുട പിടിക്കുകയാണ് ചെയ്യുന്നത്. ഭരണഘടന പറയുന്നത് രാജ്യത്തിന് മതമില്ലെന്നാണ്. ഇന്ത്യയെ വിവേചനത്തിന്റെ മണ്ണാക്കി മാറ്റാൻ ശ്രമിക്കുന്നവര്‍ ജിന്നയുടെ പിന്മുറക്കാര്‍. അവര്‍ ഗാന്ധിയുടെയും നെഹ്റുവിന്റെയും പിന്മുറക്കാരല്ല. ജിന്ന നടത്തിയതിനേക്കാൾ വലിയ വിഭജനത്തിനാണ് ഇപ്പോൾ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയെന്നാൽ മോദിയും അമിത് ഷായും അല്ല. അത് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാതിയും മതവും നോക്കാതെ ഇന്ത്യയുടെ തെരുവുകളിലേക്ക് പോരാടാനിറങ്ങിയ ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് കേരള നിയമസഭയുടെ ആദരം അര്‍പ്പിക്കുന്നു," എന്നും പ്രതിപക്ഷ എംഎൽഎ പറഞ്ഞു.

Follow Us:
Download App:
  • android
  • ios