കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചത് മുതൽ തൃശ്ശൂരില്‍ കെഎസ് യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചത് അടക്കമുള്ള വിവാദങ്ങൾ നിയമസയഭയിൽ പ്രതിപക്ഷം ഉന്നയിക്കും.
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾ സർക്കാരിനെതിരെ ഇന്ന് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചത് മുതൽ തൃശ്ശൂരില്‍ കെഎസ് യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചത് അടക്കമുള്ള വിവാദങ്ങൾ ഉയർത്താനാണ് തീരുമാനം. അടിയന്തര പ്രമേയമായി പ്രശ്നം ഉന്നയിക്കാനാണ് നീക്കം. പ്രതിപക്ഷനേതാവിൻറെ നിലപാട് തള്ളി ഇന്നലെ സഭയിൽ എത്തിയ രാഹൂൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിലെത്താന്‍ സാധ്യതയില്ല. പൊലീസ് മര്‍ദനത്തിൽ അടിയന്തര പ്രമേയം നൽകി സര്‍ക്കാരിനെതിരെ പോര് കനപ്പിക്കുകയാണ് പ്രതിപക്ഷം.
കോണ്‍ഗ്രസിൽ ഒറ്റപ്പെട്ട് പ്രതിപക്ഷ നേതാവ്
അതേസമയം, കടുത്ത എതിർപ്പ് തള്ളി രാഹൂൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്കെത്തിയതോടെ കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് ഒറ്റപ്പെട്ടു. കെപിസിസി അധ്യക്ഷനടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയായിരുന്നു രാഹൂലിന്‍റെ വരവെന്നാണ് രാഹൂൽ വിവാദത്തിൽ പാർട്ടിയിലെ സതീശൻ വിരുദ്ധചേരി കൂടുതൽ ശക്തമായി. ഇതോടെയാണ് കെപിസിസി യോഗത്തിലും സതീശൻ വിഷയം ഉന്നയിക്കാതിരുന്നത്. സതീശൻ ക്ലോസ് ചെയ്ത രാഹുൽ വിവാദം അങ്ങനെ അവസാനിപ്പിക്കാൻ മറ്റ് നേതാക്കൾ തയ്യാറായിരുന്നില്ല. രാഹുലിനെതിരെ ഇനി കൂടുതൽ കടുപ്പിക്കേണ്ടെന്നും രാഹുൽ മെല്ലെ മടങ്ങിവരട്ടെ എന്നമുള്ള വാദത്തിന് പാർട്ടിയിൽ കൂടുതൽ പിന്തുണ കിട്ടി. എ ഗ്രൂപ്പ് തുടങ്ങിവെച്ച നീക്കങ്ങൾക്കൊപ്പം കെപിസിസി നേതൃത്വവും കൈകൊടുത്തു. അച്ചടക്ക നടപടിക്കുശേഷവും സതീശൻ രാഹുലിനെ പരസ്യമായി നിരന്തരം തള്ളുന്ന നിലപാട് എടുത്തതാണ് എതിർ ചേരിയെ ശക്തമാക്കിയത്.
നടപടിക്ക് ആദ്യം കൈ കൊടുത്തവരെല്ലാം പിന്നെ സതീശനെതിരെ ഒന്നിച്ചു. പാർട്ടി നേതൃത്വം തനിക്കൊപ്പം നിലയുറപ്പിക്കുമെന്ന് സതീശൻ കരുതി. പക്ഷെ എ ഗ്രൂപ്പ് സമ്മർദ്ദത്തിന് മുന്നിൽ കെപിസിസി അധ്യക്ഷനും രാഹൂലിനോട് നോ പറയാനായില്ല. സഭയിലെത്തും മുമ്പ് രാഹൂൽ സണ്ണി ജോസഫുമായി സംസാരിച്ചെന്ന് വിവരമുണ്ട്. മറുചേരിക്ക് ബലം കൂടിയതോടെയാണ് കെപിസിസി യോഗത്തിൽ പ്രതിപക്ഷനേതാവ് മൗനം തുടർന്നത്. പക്ഷെ ഈ ഭിന്നത അങ്ങനെ തുടരാൻ പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. രാഹൂൽ ആദ്യദിനം വന്നു. ഇനി തുടർച്ചായായി വരുന്നതിനോട് പലർക്കും യോജിപ്പില്ല. ഭരണനിരയിൽ നിന്ന് കടന്നാക്രമണം ഉണ്ടായാൽ പ്രതിപക്ഷനേതാവ് സഭാതലത്തിൽ രാഹുലിനെ തള്ളിപ്പറഞ്ഞാൽ പ്രതിസന്ധി രൂക്ഷമാകും.


