Asianet News MalayalamAsianet News Malayalam

സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നു, 'വെടിയുണ്ട'യില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം

ലൈഫ് മിഷൻ പദ്ധതിയുടെ അവകാശത്തെ ചൊല്ലി തുടങ്ങി ഭരണ-പ്രതിപക്ഷപോര് സഭക്ക് അകത്ത് പ്രതീക്ഷിക്കാം

kerala assembly session starts on budget 2020
Author
Thiruvananthapuram, First Published Mar 2, 2020, 12:27 AM IST

തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. പൊലീസിലെ ക്രമക്കേടുകളെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഉയര്‍ത്തിയുള്ള ചര്‍ച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ലൈഫ് പദ്ധതിയെ ചൊല്ലിയും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാദപ്രതിവാദമുണ്ടാകും.

കഴിഞ്ഞ സമ്മേളനത്തിന്‍റെ അവസാന ദിവസമായിരുന്നു സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. റിപ്പോർട്ട് ഉണ്ടാക്കിയ വിവാദം ശക്തമായി തുടരുന്നതിനിടെയാണ് വീണ്ടും സഭാ സമ്മേളനം. റിപ്പോർട്ടിനൊപ്പം സിഎജി കണ്ടെത്തലിനപ്പുറം പുറത്തുവന്ന പൊലീസിലെ ക്രമക്കേടുകളും പ്രതിപക്ഷം ആയുധമാക്കും. ആഭ്യന്തരവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ സഭക്കുള്ളിൽ ഇനി പ്രതിപക്ഷം ശക്തമാക്കും.

അതേ സമയം വെടിയുണ്ടയും തോക്കും യുഡിഎഫ് കാലത്തും കാണാതായത് ഭരണപക്ഷം പറയും. സിഎജി റിപ്പോർട്ട് ചോർച്ച പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും. തോക്കുകൾ കാണാതായില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടും ഡിജിപിയെ വെള്ളപൂശിയ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടുമാകും സർക്കാറിന്‍റെ പ്രധാന പ്രതിരോധം.

രണ്ട് ലക്ഷം വീടുനിർമ്മിച്ച് നൽകിയ ലൈഫ് മിഷൻ സർക്കാർ വൻതോത്തിൽ പ്രചാരണം നടത്തുമ്പോൾ പദ്ധതിയുടെ അവകാശത്തെ ചൊല്ലി തുടങ്ങി ഭരണ-പ്രതിപക്ഷപോര് സഭക്ക് അകത്ത് പ്രതീക്ഷിക്കാം. അടുത്തമാസം എട്ട് വരെയാണ് സമ്മേളനം. ബജറ്റ് പാസ്സാക്കലാണ് ലക്ഷ്യമെങ്കിലും കുട്ടനാടും തദ്ദേശതെരഞ്ഞെടുപ്പും അടുത്തിരിക്കെ രാഷ്ട്രീയവും വിവാദങ്ങളും തന്നെയാകും സഭയെ സജീവമാക്കുക

Follow Us:
Download App:
  • android
  • ios