തിരുവനന്തപുരം: സ്വർണ്ണക്കളക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്‍റെ അഭിഭാഷകൻ കേസരി കൃഷ്ണൻ നായർക്കെതിരെ കേരള ബാർ കൗൺസിൽ നടപടി. തൊഴിൽപരമായ ചട്ടങ്ങളും മര്യാദകളും ലംഘിച്ചതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് ബാർ കൗൺസിൽ ചെയർമാൻ നോട്ടീസ് നൽകി. കക്ഷിക്കെതിരെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കൗൺസിലിന്‍റെ നടപടി.

സ്വർണക്കടത്തിൽ അറ്റാഷെക്ക് പങ്കുണ്ടെന്നും രക്ഷപ്പെടാനായി അറ്റാഷെ സ്വപ്ന സുരേഷിനെ കേസിൽ കുടുക്കുമെന്നും സരിത് തന്നോട് പറഞ്ഞതായി അഭിഭാഷകൻ കേസരി കൃഷ്ണൻ നായർ വെളിപ്പെടുത്തിയിരുന്നു.

സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെക്ക് പങ്കുണ്ട്. സ്വ‍ർണം പിടിക്കപ്പെടും എന്നുറപ്പായ ഘട്ടത്തിലാണ് അയാൾ കാലുമാറിയത്. ചരക്ക് പിടിച്ചെടുത്ത കസ്റ്റംസ് ഉ​ദ്യോ​ഗസ്ഥ‍ർ നയതന്ത്ര ബാ​ഗ് തുറക്കുന്നതിന് മുന്നോടിയായി കോൺസുലേറ്റിൽ നിന്നും അറ്റാഷെയെ വിളിച്ചു വരുത്തി. 

താൻ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഓ‍ർഡർ ചെയതെന്ന് പറഞ്ഞ് ഇയാൾ ഒഴിയുകയാണ് ചെയ്തെന്നും കേസരി കൃഷ്ണൻ നായ‍ർ പറഞ്ഞിരുന്നു. അറ്റാഷെയെ കൂടാതെ സന്ദീപ് നായർക്കും കേസിൽ നി‍‍ർണായക പങ്കുണ്ടെന്നും വലിയൊരു കള്ളക്ക‌ടത്ത് സംഘത്തിൻറെ ഏറ്റവും താഴെയുള്ള കണ്ണികൾ മാത്രമാണ് സ്വപ്നയും സരിത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.