കേന്ദ്രസഹമന്ത്രി വി. മുരളീധരനും  പങ്കെടുക്കും,പാര്‍ലമെന്‍റില്‍ ഉച്ചതിരിഞ്ഞാണ് കൂടിക്കാഴ്ച

തിരുവനന്തപുരം; പിണറായി സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിന്‍റെ ഭാവി ആശങ്കയിലായ സാഹചര്യം പ്രയോജനപ്പെടുത്താന്‍ ബിജെപി രംഗത്ത്. കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിതയോടെയാണിത്. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. സില്‍വര്‍ ലൈന് ബദലായി കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ചയാകും 

സില്‍വര്‍ ലൈനിനുള്ള കേരളത്തിന്‍റെ ഡിപിആറില്‍ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. കെ റെയിലിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കെ റെയില്‍ പദ്ധതിക്കുള്ള അനുമതി എന്തായാലും നീളും എന്നുള്ള സൂചനകളാണ് കേന്ദ്രം ഇപ്പോള്‍ പാര്‍ലമെന്‍റില്‍ നല്‍കുന്നത്. ഒരു ചോദ്യത്തിന് മറുപടിയായി രേഖാമൂലമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളത്തോട് പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്ന് ഈ രേഖയില്‍ പറയുന്നുണ്ട്. കേരളം നല്‍കിയ ഡിപിആറില്‍ കെ റെയില്‍ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങളില്ല. അലൈന്‍മെന്‍റ് സ്ലാംഗ്, ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിംഗുകളുടെ വിവരങ്ങള്‍തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ അറിയിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. കെ റെയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യങ്ങളില്‍ വിശദാംശങ്ങള്‍ കിട്ടിയ ശേഷം കൂടുതല്‍ സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ട്. മണ്ണിന്‍റെ അവസ്ഥ, ഡ്രെയിനേജ്, പരിസ്ഥിതി പ്രശ്നങ്ങള്‍ , കടബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആലോചന നടത്തേണ്ടതുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കുന്നു. 

ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ടെന്നും കേന്ദ്രം പറയുന്നു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി, ഇരുപതിനായിരം വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ പദ്ധതിയുടെ പേരില്‍ നശിപ്പിക്കും എന്നതാണ് പ്രധാന പരാതിയായി എത്തിയിട്ടുള്ളത്. നിര്‍ദ്ദിഷ്ട അലൈന്‍മെന്‍റ് നിരവധി മതപരമായ സ്ഥാപനങ്ങളും തകര്‍ക്കുമെന്നും പരാതി കിട്ടിയിട്ടുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കുന്നു. 

K Rail : 'കെ റെയില്‍ പദ്ധതി നല്ലതാണ്', പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി

കെ റെയിൽ വിനാശകരമായ പദ്ധതിയെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അടിസ്ഥാന പഠനം പോലും നടത്താതെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോന്നതെന്ന് പ്രശാന്ത് ഭൂഷൻ വിമര്‍ശിച്ചു. പദ്ധതി കേരളത്തിലുടനീളം ആയിരക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് പ്രശാന്ത് ഭൂഷൺ നേരത്തെയും ആരോപിച്ചിരുന്നു. സിൽവർ ലൈൻ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്ന് ആരോപിച്ച പ്രശാന്ത് ഭൂഷൺ, സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികൾ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

'സില്‍വര്‍ ലൈന്‍ കേരളത്തിന് വേണ്ട പദ്ധതി,പ്രക്ഷോഭങ്ങളെ ഭയക്കുന്നില്ല'; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജയരാജന്‍