പാര്‍ട്ടി സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, ജിവിഎൽ നരസിംഹ റാവു എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം. പുതിയ സംസ്ഥാന പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടക്കുക

കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹി യോഗം രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ ചേരും. പാര്‍ട്ടി സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, ജിവിഎൽ നരസിംഹ റാവു എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം. പുതിയ സംസ്ഥാന പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടക്കുക.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള അമിത് ഷായുടെ കേരളാ റാലിക്കുള്ള ഒരുക്കങ്ങളും ചര്‍ച്ചയാകും. 
ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്കായാണ് കേന്ദ്ര പ്രതിനിധികൾ എത്തിയത്. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രമല്ല ജില്ലാ പ്രസിഡന്‍റുമാരെ തീരുമാനിക്കാനും നടക്കുന്നത് വലിയ ഗ്രൂപ്പ് പോരാണ്.

കെ സുരേന്ദ്രൻ, എംടി രമേശ് ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ശ്രീധരൻപിള്ള ഗവർണ്ണറായി പോയി രണ്ട് മാസത്തിലേറെയായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

കെ സുരേന്ദ്രനായി മുരളീപക്ഷവും എം ടി രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗവും നടത്തുന്നത് വലിയ നീക്കങ്ങളാണ്. ഗ്രൂപ്പുകൾക്കതീതമായി പരിഗണിക്കുന്ന പേര് ശോഭാ സുരേന്ദ്രന്‍റേതാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആർഎസ്എസ് സമ്മർദ്ദവുമുണ്ട്. കേന്ദ്ര പ്രതിനിധികള്‍ സംസ്ഥാന ഭാരവാഹികളുമായി ഒറ്റക്കൊറ്റക്കായി ചർച്ച നടത്തി അഭിപ്രായം തേടും. 

ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തി നിൽക്കെയാണ് കേന്ദ്രനേതാക്കളുടെ വരവ്. ആർഎസ്എസ് ആയിരുന്നു മണ്ഡലം പ്രസിഡന്‍റുമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ജില്ലാ പ്രസിഡന്‍റുമാരാകാനും നടക്കുന്നത് വലിയപോരാണ്. തിരുവനന്തപുരത്ത് വി വി രാജേഷിനെ മുരളീപക്ഷം രംഗത്തിറക്കുമ്പോൾ ചെമ്പഴന്തി ഉദയനും സജീവമായുണ്ട്. ജില്ലകളിൽ സമവായനീക്കം തുടരുകയാണ്. പൗരത്വനിയമത്തെ അനുകൂലിച്ചുളള റാലിക്കായി അമിത്ഷാ 15ന് ശേഷം കേരളത്തിലെത്തും.അതിന് മുമ്പ് സംസ്ഥാന പ്രസിഡന്‍റിനെ തീരുമാനിക്കാനാണ് നീക്കം.