ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന വി ഡി സതീശൻ്റെ പ്രസ്താവനയെ വി ശിവന്‍കുട്ടി പരിഹസിച്ചു. പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ് എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പരിഹാസം.
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വിമർശനത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന വി ഡി സതീശൻ്റെ പ്രസ്താവനയെ വി ശിവന്‍കുട്ടി പരിഹസിച്ചു. പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ് എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പരിഹാസം. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നായിരുന്നു വി ഡി സതീശൻ്റെ പ്രസ്താവന.
ഒരൊറ്റ ക്ഷേമ പ്രവർത്തനങ്ങൾ പോലും മുടങ്ങിയിട്ടില്ല. പിന്നെ എന്തിനാണ് ആക്ഷേപിക്കുന്നതെന്ന് ചോദിച്ച ശിവന്‍കുട്ടി, ബജറ്റ് പ്രസംഗം നടക്കുമ്പോൾ പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആവുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ കാറിന് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ എന്നും അലവൻസ് മുടങ്ങിയിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഞങ്ങൾ തന്നെ നടപ്പാക്കുമെന്ന് പറഞ്ഞ ശിവന്‍കുട്ടി, യുഡിഎഫിൻ്റെ കാലത്ത് എത്ര തവണയാണ് ട്രഷറി പൂട്ടിയതെന്നും ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയാവാൻ കോൺഗ്രസിൽ നാല് പേര് ട്രെയിനിംഗ് നടത്തുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു. ഇന്ന് കെ സുധാകരനും ഇപ്പോൾ മുഖ്യമന്ത്രിയാകാൻ രംഗത്തെത്തി. ഓരോ ദിവസം കഴിയുമ്പോഴും പ്രതിപക്ഷ നേതാവിന്റെ പ്രതിച്ഛായ ഇടിയുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. സംഘിക്കുട്ടി എന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞത്. ചരിത്രം നോക്കിയാൽ അറിയാം ആരാണ് സംഘിയെന്ന്. ആർഎസ്എസിനെതിരെ പൊരുതി തന്നെയാണ് താൻ മുന്നോട്ട് വന്നത്. സതീശൻ അങ്ങനെയാണോ എന്നും ശിവന്‍കുട്ടി ചോദിച്ചു.
പ്രതിപക്ഷ നേതാവിന് നേമത്ത് മത്സരിക്കാമോ എന്നും വി ശിവൻകുട്ടി വെല്ലുവിളിച്ചു. ഞാൻ എന്ത് പരാമർശമാണ് നടത്തിയത്. പോറ്റിയും ഗോവർധനും എല്ലാം സോണിയ ഗാന്ധിയുടെ വീട്ടിൽ പോയത് എന്തിനാണെന്ന് ചോദിച്ചതെ ഉള്ളൂ. അത് ചോദിക്കാൻ പാടില്ലേ എന്നും ശിവൻകുട്ടി ചോദിക്കുന്നു. ആര്‍എസ്എസിനെതിരെ പോരാടി നിന്നയാളാണ് ഞാൻ. സതീശൻ താൻ അങ്ങനെയാണോ. പൂച്ച പ്രസവിച്ച് കിടക്കുന്നു എന്നൊക്കെയാണോ ബജറ്റിനെ കുറിച്ച് പറയേണ്ടത്. പൂച്ച പ്രസവിച്ച് അവിടെ ജീവിച്ചോട്ടെ. അതിനെ ശല്യം ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും വി ശിവൻകുട്ടി പരിഹസിച്ചു.



