Asianet News MalayalamAsianet News Malayalam

ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ ആവശ്യം സെക്രട്ടറി അറിയാതെ; വിവാദത്തിൽ വെട്ടിലായി കമലും സർക്കാരും

സെക്രട്ടറി എതിർപ്പറിയച്ചതോടെയാണ് നിയമന ആവശ്യം സർക്കാർ തള്ളിയത്. വിവാദത്തിൽ കമലും സർക്കാരും വെട്ടിലായി. ചലച്ചിത്ര രംഗത്തും പ്രതിഷേധം.

Kerala Chalachitra Academy  controversy director kamals letter out
Author
Thiruvananthapuram, First Published Jan 13, 2021, 10:52 AM IST

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂല കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയർമാൻ കമലിൻ്റെ ആവശ്യത്തെ അക്കാദമി സെക്രട്ടറി എതിർത്തിരുന്ന വിവരം പുറത്ത്. ഭരണസമിതിയിൽ ചർച്ച ചെയ്യാതെയാണ് കമൽ തീരുമാനവുമായി മുന്നോട്ട് പോയത്. ഇതോടെ കത്ത് വിവാദത്തിൽ കമൽ മാത്രമല്ല സർക്കാറും വെട്ടിലായി.

ചലച്ചിത്ര അക്കാദമിയുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാറുമായി ആശയവിനിമയം നടത്താറുള്ളത് സെക്രട്ടറിയാണ്. നിയമനമടക്കമുള്ള കാര്യങ്ങളിൽ ജനറൽ കൗൺസിലോ എക്സിക്യൂട്ടീവ് ബോർഡോ ചേർന്നാകും തീരുമാനമെടുക്കുക. ഇതൊന്നുമില്ലാതെയാണ് ചെയർമാൻ ഇടത് അനുഭാവികളായ നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സാംസ്ക്കാരിക മന്ത്രിക്ക് കത്ത് നൽകിയത്. കത്ത് വന്നതിന് പിന്നാലെ സാംസ്ക്കാരിക മന്ത്രിയുടെ ഓഫീസ് അക്കാദമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി ഇക്കാര്യം അറിയുന്നത്. പിന്നാലെ സെക്രട്ടറി അജോയ് ചന്ദ്രൻ ഭരണസമിതി ചേരാതെ എടുത്ത ആവശ്യം അംഗീകരിക്കരുതെനന് കാണിച്ച് സർക്കാറിന് കത്ത് നൽകി. ഇത് കൂടി പരിഗണിച്ചാണ് ചെയർമാൻ്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സാംസ്ക്കാരിക മന്ത്രി മറുപടി നൽകിയത്. 

സ്ഥിരപ്പെടുത്തൽ പത്ത് വർഷം സർവ്വീസ് ഉള്ളവർക്ക് മാത്രമെന്ന് സർക്കാർ പറയുമ്പോൾ കമൽ ആവശ്യപ്പെട്ടത് നാല് വർഷം സർവ്വീസ് ഉള്ളവരുടെ നിയമനമാണ്. അതിനിടെ സിനിമാപ്രവർത്തകർ രാാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കുന്നതിൽ ചലച്ചിത്ര രംഗത്തും എതിർപ്പുയരുന്നുണ്ട്. വിനോദനികുതി കുറക്കാൻ സർക്കാർ എടുത്ത തീരുമാനെത്ത പിന്തുണച്ചുള്ള പോസ്റ്റിൽ സിനിമാലോകം മുഴുവൻ എൽഡിഎഫിനൊപ്പമാണെന്ന് സംവിധായകൻ രഞ്ജിത്ത് പറ‍ഞ്ഞത് വിവാദമായിരുന്നു. പിന്നാലെയാണ് ചലച്ചിത്ര അക്കാഡമിയുടെ ഇടത് സ്വാഭാവം നിലനിർത്താൻ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കമലിൻ്റെ കത്ത്. സാംസ്ക്കാരികനായകരുടെ യഥാർത്ഥമുഖം പുറത്തായെനന് പറഞ്ഞ് കമലിനെതിരെ ഷെയിം ഓൺ യു ക്യാമ്പയിൻ കോൺഗ്രസ് ശക്തമാക്കി. കമലിൻ്റെ കത്തോടെ പിൻവാതില്‍ നിയമനവിവാദം വീണ്ടും സജീവമായതിൽ സർക്കാറും കുടുങ്ങി.

Follow Us:
Download App:
  • android
  • ios