മുഖ്യമന്ത്രി ചര്‍ച്ചയിൽ ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തിയെന്ന് എകെ ആന്റണിയും കൊടിക്കുന്നിൽ സുരേഷും സ്ഥിരീകരിച്ചു. ചർച്ചയിൽ ആരുടേയും പേര് നിർദേശിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനിടെ വിഷയത്തിൽ ആന്റണിയുടെ അഭിപ്രായം തേടിയെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തിയെന്ന് സ്ഥിരീകരിച്ച് എകെ ആന്റണിയും കൊടിക്കുന്നിൽ സുരേഷും. ഹൈക്കമാൻഡ് ചർച്ചയിൽ ആരുടേയും പേര് നിർദേശിച്ചിട്ടില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനിടെ വിഷയത്തിൽ ആന്റണിയുടെ അഭിപ്രായം തേടിയെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയെന്ന് എ കെ ആന്റണി സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ആരുടെയും പേര് നിർദേശിച്ചില്ലെന്നും പൊതുസാഹചര്യം മാത്രമേ അറിയിച്ചിട്ടോള്ളൂ എന്നും കൊടിക്കുന്നിൽ സുരേഷും പ്രതികരിച്ചു. ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കണം എന്ന നിലപാടാണ് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും രാഹുൽ ഗാന്ധി വിളിച്ചു എന്നാണ് വിവരം.

കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചർച്ചയില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ മുറുമുറുപ്പുയരുന്നുണ്ട്. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ ഭരണ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു.
പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്
കേരള മുഖ്യമന്ത്രി നാളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. എഐസിസി വാർത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാർഗെയും വീടിന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടാണ് പ്രഖ്യാപനം ഇന്ന് ഉണ്ടാവില്ലെന്ന് ജയറാം രമേശ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ ഘകടകക്ഷികൾക്കിടയിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അതൃപ്തി പുകയുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖാർഗെയുടെയും നിർണായക യേഗം.

