തിരുവനന്തപുരം: ഗവര്‍ണ‍ര്‍ ആരിഫ് മുഹമ്മദ് ഖാനുമായി നല്ല ബന്ധമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഗവര്‍ണറുമായി സാധാരണ നിലയ്ക്ക് നല്ല ബന്ധമല്ലേ, ഭായി ഭായി ആകുന്നതില്‍ എന്താണ് തെറ്റ്. കഴിഞ്ഞദിവസം മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്‍റെ ജന്‍മദിനത്തില്‍ വിളിച്ച് ആശംസകളറിയിച്ചിരുന്നു. അദേഹവുമായും നല്ല ബന്ധമായിരുന്നു. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ വാളെടുത്ത് യുദ്ധം ചെയ്യുകയാണോ വേണ്ടത്' എന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം വകവെക്കാതെ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശമ്പള ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് പിണറായി വിജയന്‍റെ പ്രതികരണം. ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കുന്നത് നിയമവ്യവസ്ഥയോടും കോടതിയോടുമുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. 

"

ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്, 14 രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. അതേസമയം 14 പേര്‍ കൂടി കൊവിഡില്‍ നിന്ന് രോഗമുക്തരായി. പാലക്കാട്- 4, കൊല്ലം-3, കണ്ണൂർ -2, കാസർകോട്-2, പത്തനംതിട്ട-1, മലപ്പുറം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ കണക്കുകള്‍. 

സംസ്ഥാനത്ത് ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 111 പേരാണ് ചികിത്സയിലുള്ളത്. 20711 പേർ നിരീക്ഷണത്തിലുണ്ട്. 20285 പേർ വീടുകളിലും 426 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.