തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിഷുകൈനീട്ടവും സക്കാത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആഹ്വാനം നല്‍കി പിണറായി വിജയന്‍. നാടിന്‍റെ വിഷമസ്ഥിതി മാറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കുമുണ്ട് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

"നമ്മള്‍ അത്യസാധാരണമായ ഒരു പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈനീട്ടം നാടിനുവേണ്ടി ആകട്ടെയെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുകൈനീട്ടം മാറ്റാന്‍ എല്ലാവരും, പ്രത്യേകിച്ച് കുട്ടികള്‍ തയ്യാറാവും എന്ന് പ്രതീക്ഷിക്കുന്നു. കുട്ടികള്‍ക്കാണ് മാതൃക സൃഷ്ടിക്കാന്‍ കഴിയുക. ഏപ്രിലില്‍ തന്നെ വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുകയാണ്. സക്കാത്തിന്‍റെ ഘട്ടം കൂടിയാണിത്. ആ മഹത്തായ സങ്കല്‍പവും ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയാക്കി മാറ്റണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്"- മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് പേർ സമ്പർക്കം മൂലം രോഗം പിടിപെട്ടവരും ഒരാള്‍ വിദേശത്തുനിന്ന് വന്നതുമാണ്. അതേസമയം 19 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. കാസർകോടാണ് കൂടുതല്‍ പേർ(12) രോഗമുക്തരായത്. സംസ്ഥാനത്ത് ഇതുവരെ 378 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 178 പേരാണ് ഇപ്പോള്‍ ചികിത്സയിലുണ്ട്.