ദേശീയ-രാജ്യാന്തര മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് നൽകാനുള്ള പാരിതോഷിക കുടിശ്ശിക തീർക്കാൻ കായിക വകുപ്പ് 1.5 കോടി രൂപ അനുവദിച്ചു. 2019 മുതലുള്ള കുടിശ്ശിക തീർപ്പാക്കുന്നതിന്റെ ആദ്യഘട്ടമാണിത്. ലോംഗ് ജംപ് താരം ആൻസി സോജന്റെ കുടിശ്ശിക ഉടൻ കൈമാറാനും മന്ത്രി ഉത്തരവിട്ടു.

തിരുവനന്തപുരം: ദേശീയ-രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് സ്പോർട്സ് കൗൺസിൽ നൽകേണ്ട പാരിതോഷിക കുടിശ്ശിക തീർപ്പാക്കുന്നതിനായി ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിക്കാൻ ഉത്തരവിട്ട് കായിക വകുപ്പ്. 2019 മുതൽ കായികതാരങ്ങൾക്ക് നൽകാനുള്ള പാരിതോഷികം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുടിശ്ശികയുടെ കണക്കുകൾ ശേഖരിക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് കൗൺസിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

ഇതുവരെ കായിക വകുപ്പിന് സമർപ്പിച്ചിട്ടുള്ള കുടിശ്ശിക കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്താനും കൃത്യത ഉറപ്പുവരുത്താനും ബന്ധപ്പെട്ട അധികൃതർക്ക് മന്ത്രി നിർദേശം നൽകി. പ്രമുഖ ലോംഗ് ജംപ് താരം ആൻസി സോജന് പാരിതോഷിക ഇനത്തിൽ ലഭിക്കാനുള്ള മുഴുവൻ കുടിശ്ശിക തുകയും ഉടൻ തന്നെ കൈമാറാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കായികതാരങ്ങൾ ഉന്നയിച്ച പ്രധാന പരാതികളിൽ ഒന്നായ പാരിതോഷിക തുകയിലെ കുടിശ്ശിക പരിഹരിക്കുന്നതിലേക്ക് ആദ്യ ഇടപെടലാണ് ഈ തുക തുക കൈമാറ്റം.