കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രസിഡന്റായ നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെ ഗുരുതര സാമ്പത്തിക തിരിമറി ആരോപണം. കോളേജ് സ്ഥാപിക്കാൻ പതിനായിരത്തിലധികം പേരിൽ നിന്ന് പിരിച്ച തുക അക്കൗണ്ടിൽ എത്തിയില്ലെന്ന് പാർട്ടി അംഗം തന്നെ ആരോപിക്കുമ്പോൾ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് പ്രതികരിച്ചു.
കണ്ണൂർ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം ശക്തമാകുന്നു. പാർട്ടി ലോക്കൽ കമ്മിറ്റി അംഗം തോമസ് ജോസഫും നിക്ഷേപകരും സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രസിഡന്റായ ചാരിറ്റബിൾ സൊസൈറ്റി, കോളേജ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് 2015 മുതൽ പതിനായിരത്തിലധികം ആളുകളിൽ നിന്നാണ് തുക സമാഹരിച്ചത്.
എന്നാൽ, ഓഹരിയായി പിരിച്ചെടുത്ത തുക സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്നും അക്കൗണ്ട് വിവരങ്ങൾ പാർട്ടി പുറത്തുവിടണമെന്നും തോമസ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രസ്റ്റായി രജിസ്റ്റർ ചെയ്ത സൊസൈറ്റിക്കായി ഓഹരി പിരിച്ചത് നിയമവിരുദ്ധമാണെന്നും നേതൃത്വത്തിന്റെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജ് ആരംഭിക്കുകയോ നിക്ഷേപിച്ച പണം തിരികെ നൽകുകയോ വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
അതേസമയം ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചു. കോളേജ് നിർമ്മാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.


