Asianet News MalayalamAsianet News Malayalam

'അന്നേ പറഞ്ഞതാണ്, ഒരു ഒളിച്ചുകളിയുമില്ല, വിവാദങ്ങള്‍ അനാവശ്യം'; സ്‍പ്രിംഗ്‍ളറില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

വിവാദ പ്രചാരണങ്ങള്‍ ഗുണപരമല്ല, സർക്കാരിന് ഒളിച്ചുകളിയില്ല. മെച്ചപ്പെടുത്തുന്നതിന് എന്ത് നിർദേശവും സ്വീകരിക്കാന്‍ ശ്രമിക്കുന്നതാണ് എന്നും മുഖ്യമന്ത്രി
Kerala CM Pinarayi Vijayan on Sprinklr Controversy
Author
Thiruvananthapuram, First Published Apr 15, 2020, 6:55 PM IST
തിരുവനന്തപുരം: സ്‍പ്രിംഗ്‍ളർ ഡാറ്റാ വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‍പ്രിംഗ്‍ളർ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. വിവരചോർച്ചയുണ്ടാകില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ കാർഡ് വിവരങ്ങള്‍ ചോർന്നു എന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍.

'കൊവിഡ് 19നെ പ്രതിരോധിക്കാനായി എല്ലാ വകുപ്പുകളും പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ശരിയായ രീതിയില്‍, പെട്ടെന്ന് വിശകലനം ചെയ്ത് മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മാത്രമേ രോഗപ്രതിരോധം സാധ്യമാകും. ശാസ്ത്ര- സാങ്കേതിക ലോകത്ത് വലിയ വികാസം പ്രാപിച്ച കാലമാണിത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, ഫോണ്‍കോളുകള്‍, ഇ മെയില്‍ എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് കഴിവുള്ള സ്ഥാപനമാണ് സ്‍പ്രിംഗ്‍ളർ. മലയാളിയായ രാജി തോമസാണ് ഉടമ. ഇവരുടെ സാങ്കേതിക വിദ്യയെ ഉപയോഗിക്കുകയാണ് സംസ്ഥാനം ചെയ്യുന്നത്'.

'ആമസോണ്‍ ക്ലഡും പശ്ചാത്തല സൌകര്യവും എത്രയും വേഗം ഒരുക്കി പ്രവർത്തനക്ഷമമാക്കാന്‍ സിഡിറ്റിനോട് നിർദേശിച്ചിട്ടുണ്ട്. വിവരശേഖരണത്തിനും സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‍വെയറുകളും ഈ സൌകര്യത്തിനകത്ത് സിഡിറ്റിന്‍റെ പൂർണ നിയന്ത്രണത്തിലാകും പ്രവർത്തിക്കുക. സ്‍പ്രിംഗ്‍ളറിന്‍റെ സോഫ്റ്റുവെയറും ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്. വ്യക്തിഗത വിവരങ്ങളുടെ പൂർണ നിയന്ത്രണവും വിശകലനവും സിഡിറ്റിനായിരിക്കും. ഇതോടെ സ്‍പ്രിംഗ്‍ളറിന്‍റെ ഭാഗത്തുനിന്നുള്ള വിവര ചോർച്ചയുടെ വിദൂര സാധ്യത പോലും ഇല്ലാതാകും. നിലവിലെ ഓർഡറില്‍ മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്'. 

1. സർക്കാർ ഉടമസ്ഥതയിലായിരിക്കും വിവരശേഖരണം
2. രാജ്യത്തിന് അകത്തുള്ള സെർവറില്‍ തന്നെ ഡാറ്റ സൂക്ഷിക്കണം
3. ഈ വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗപ്പെടുത്തരുത് 

'അനാവശ്യമായ ചർച്ചയാണ് നടക്കുന്നതെന്നും ക്രമക്കേടോ വിവര ചോർച്ചയോ ഉണ്ടാകാതിരിക്കാനുള്ള ശ്രമം ഉണ്ടെന്നും വിവാദമുണ്ടായ ആദ്യ ദിവസം തന്നെ അറിയിച്ചതാണ്. കരാറിന് പിന്നിലെ വിവരങ്ങള്‍ പൊതുസമൂഹത്തെ അറിയിച്ചുകഴിഞ്ഞു. വിവാദ പ്രചാരണങ്ങള്‍ ഗുണപരമല്ല, സർക്കാരിന് ഒളിച്ചുകളിയില്ല. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എന്ത് നിർദേശവും സ്വീകരിക്കാന്‍ ശ്രമിക്കുന്നതാണ്'.

റേഷന്‍ കാർഡ് വിരങ്ങള്‍ ചോർന്നോ?

'റേഷന്‍ കാർഡ് വിവരവും സർക്കാരിന് പുറത്തുള്ള ഒരു സ്ഥാപനത്തിനും കൈമാറിയിട്ടില്ല. ബിപിഎല്‍ റേഷന്‍ കാർഡുള്ള സാമൂഹികസുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്ത ആളുകള്‍ക്ക് ഒരു ധനസഹായം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനായി ബിപിഎല്‍ റേഷന്‍ കാർഡ് വിവരസേഖരവും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിവരവും താരതമ്യം ചെയ്ത് അർഹരായവരെ കണ്ടെത്താന്‍ ധനവകുപ്പ് ഐടി വകുപ്പിന് കീഴിലുള്ള IIITMKയെയാണ് എല്‍പിച്ചത്. ഇത് IIITMK മാത്രമാണ് പൂർത്തീകരിച്ചത്. പുറത്തുനിന്നുള്ള ഒരു കമ്പനിയുടെയും സഹായം സ്വീകരിച്ചിട്ടില്ല' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 
Follow Us:
Download App:
  • android
  • ios