Asianet News MalayalamAsianet News Malayalam

ആശങ്ക അകലാതെ കേരളം, സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 62 പേര്‍

കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് ഗുരുതരമായ കരൾ രോഗമുണ്ടായിരുന്നു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമ്പർക്കം മൂലം 14 പേർക്ക് രോഗം ബാധിച്ചു. 

kerala cm pinarayi vijayan press meet on covid 19
Author
Thiruvananthapuram, First Published Jun 11, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേ‍ര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 62 പേര്‍ രോഗമുക്തി നേടിയപ്പോള്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.  കണ്ണൂര്‍ ഇരിട്ടി സ്വദേശിയുടെ മരണം കൊവിഡ് മൂലമാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേർ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് ഗുരുതരമായ കരൾ രോഗമുണ്ടായിരുന്നു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമ്പർക്കം മൂലം 14 പേർക്ക് രോഗം ബാധിച്ചു. തൃശ്ശൂരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിൽ നാല് പേർ കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളികളാണ്. നാല് പേർ വെയർ ഹൗസിൽ ഹെഡ് ലോഡിംഗ് തൊഴിലാളികളുമാണ്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗബാധ സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര 20, ദില്ലി 7, തമിഴ്നാട്, കർണാടക നാല് വീതം. പശ്ചിമബംഗാൾ, മധ്യപ്രദേശ് ഒന്ന് വീതം. നെഗറ്റീവായത് ജില്ല തിരിച്ച്: തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശ്ശൂർ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂർ 8, കാസ‍ർകോട് 5. പോസിറ്റീവായവരുടെ ജില്ല തിരിച്ച് കണക്ക്: തൃശ്ശൂർ 25, പാലക്കാട് 13, മലപ്പുറം 10, കാസർകോട് 10, കൊല്ലം 8, കണ്ണൂർ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1. 5044 സാമ്പിളുകളാണ് ഇന്ന് പരിശോധന നടത്തിയത്. ഇതുവരെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1258 പേർ ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 1922 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 

5044 സാമ്പിളുകളാണ് ഇന്ന് പരിശോധന നടത്തിയത്. ഇതുവരെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1258 പേർ ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 1922 പേരാണ് ആശുപത്രികളിൽ. ഇന്ന് മാത്രം 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,03, 757 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2873 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇത് വരെ സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 27,118 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 25,757 സാമ്പിളുകൾ നെഗറ്റീവായി. സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളുടെ എണ്ണം 133 ആയി. പാലക്കാട് ഇന്ന് 2 ഹോട്ട്സ്പോട്ട് കൂടി വന്നു. 35 ഹോട്ട്സ്പോട്ടുകൾ ഒഴിവായി. ഈ വൈറസ് ഉടൻ ഇല്ലാതാകില്ല. രോഗവ്യാപന തീവ്രത എപ്പോൾ കുറയുമെന്നറിയില്ല. ഈ ഘട്ടത്തിൽ സംസ്ഥാനത്തേക്ക് എത്തിപ്പെട്ടവർ 2,19,492 പേർ എത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് 17.71% 38,881 പേർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 82.29% ശതമാനമാണ്. 1,50,621 പേർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 63.63% റെഡ് സോണുകളിൽ നിന്ന് വന്നവരാണ്.

വിദഗ്ധ സമിതി നിർദ്ദേശപ്രകാരം മാർഗനിർദ്ദേശം പുതുക്കുന്നു. വീടുകളിൽ ക്വാറന്‍റീൻ സൗകര്യമുള്ള വിദേശത്ത് നിന്നുള്ളവർക്ക് മുൻഗണനാ നിർദ്ദേശം നൽകിയ ശേഷം വീടുകളിലേക്ക് പോകാം. പൊലീസിനും ആരോഗ്യവകുപ്പിനും ക്വാറന്‍റീൻ കൈമാറും. വീട്ടിൽ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനാണ്. എന്തെങ്കിലും കുറവുണ്ടെങ്കിൽ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റും. സുരക്ഷിത ക്വാറന്‍റീൻ ഉറപ്പാക്കാൻ വീടുകളിലുള്ളവർക്ക് നിർദ്ദേശം നൽകും. കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ പ്രത്യേക നിർദ്ദേശം നൽകും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്‍റീൻ ലംഘിച്ചാൽ പൊലീസ് നടപടിയെടുക്കും. 

വീട്ടിൽ ക്വാറന്‍റീൻ സൗകര്യം ഉള്ളവര്‍ക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീട്ടിലേക്ക് പോകാം. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ സൗകര്യം നൽകും. പെയ്ഡ് ക്വാറന്‍റീൻ പ്രത്യേകം ആവശ്യപ്പെടുന്നവർക്ക് നൽകും. ഈ രണ്ട് കേന്ദ്രത്തിലും ആവശ്യമായ സൗകര്യവും കർശന നിരീക്ഷണവും തദ്ദേശ സ്ഥാപനം റവന്യു, പൊലീസ് എന്നിവർ ഉറപ്പാക്കും. വിമാനം, ട്രെയിൻ റോഡ് മാർഗ്ഗം മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവർക്ക് ക്വാറന്‍റീന് പുതിയ മർഗനിർദ്ദേശം ഉണ്ട്. കൊവിഡ് പോർട്ടൽ വഴി സത്യവാങ്മൂലം നൽകണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതിൽ തെരഞ്ഞെടുക്കാം. കൊവിഡ് കൺട്രോൾ റൂമോ പൊലീസോ സുരക്ഷിതത്വം ഉറപ്പാക്കും. അല്ലെങ്കിൽ സർക്കാർ കേന്ദ്രങ്ങളിലോ പെയ്ഡ് ക്വാറന്‍റീൻ സൗകര്യമോ ഉറപ്പാക്കും.

കണ്ടെയ്ൻമെന്റ് സോൺ നിർണയത്തിൽ മാറ്റം വരുത്തുന്നു. ഓരോ ദിവസവും രാത്രി 12 മണിക്ക് മുൻപ് കണ്ടെയ്ൻമെന്റ് സോൺ വിജ്ഞാപനം ചെയ്യും. പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ. കോർപ്പറേഷനുകളിൽ സബ് വാർഡ് തലത്തിൽ. ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം അനുസരിച്ച് കണ്ടെയ്ൻമെന്റ് സോൺ നിർണയിക്കാം. ഒരു വ്യക്തി ലോക്കൽ സമ്പർക്കത്തിലൂടെ പോസിറ്റീവായാൽ, വീട്ടിലെ രണ്ട് പേർ ക്വാറന്‍റീനില്‍ ആയാൽ വാർഡിൽ പത്തിലേറെ പേർ നിരീക്ഷണത്തിലായാൽ, വാർഡിൽ സെക്കന്ററി ക്വാറന്‍റീനിൽ ഉള്ളവർ തുടങ്ങിയ സാഹചര്യം ഉണ്ടാകുമ്പോൾ പ്രത്യേക പ്രദേശം കണ്ടെയ്ൻമെന്റ് സോണാകും. ഏഴ് ദിവസത്തേക്ക് പ്രഖ്യാപിക്കും. നീട്ടുന്ന കാര്യം കളക്ടറുടെ ശുപാർശ പ്രകാരം തീരുമാനിക്കും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പോസിറ്റീവായാൽ, വീടും ചുറ്റുമുള്ള വീടുകളും ചേർത്ത് കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റും.

ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ, ഒരിടത്ത് ഇറങ്ങി അവിടെ നിന്ന് മറ്റൊരു ട്രെയിനിൽ കയറി യാത്ര തുടർന്ന് പരിശോധന വെട്ടിക്കുന്നു. അത്തരക്കാരെ കഴിഞ്ഞ ദിവസം കണ്ടെത്തി. അത്തരം നടപടികൾ ഒരു തരത്തിലും സ്വീകരിക്കരുത്. പത്തനംതിട്ട ജില്ലയിലെ ഹൃദ്രോഗ ആശുപത്രിയിലെത്തിയ ആൾ ബെംഗളൂരുവിൽ നിന്ന് വന്നതാണെന്ന കാര്യം മറച്ചുവച്ചു. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം രോഗി മരിച്ചു. പിന്നീടാണ് യാത്രാവിവരം അറിഞ്ഞത്. ആശുപത്രി പ്രതിസന്ധിയിലായി. രണ്ട് ദിവസം കഴിഞ്ഞ് കൊവിഡ് നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞു. ഉന്നത വിദ്യാഭ്യാസമുള്ള കുടുംബമായിട്ടും വിവരം മറച്ചുവെച്ചത് പ്രത്യേകം ശ്രദ്ധിക്കണം. സമൂഹത്തിന്‍റെ പൊതുവായ കരുതലിന്റെ കാര്യമാണ് വിവരം അറിയിക്കുകയെന്നത്. 

അതിഥി തൊഴിലാളികളിൽ രണ്ടര ലക്ഷം പേർ ഇതുവരെ മടങ്ങി. അസമിലേക്കുള്ള കുറച്ച് പേരാണ് ഇപ്പോൾ പോകാൻ താത്പര്യമെടുക്കുന്നത്. ഇവിടെയുള്ള ബാക്കിയുള്ള കൂടുതൽ പേരും പെട്ടെന്ന് പോകാൻ താത്പര്യമുള്ളവരല്ല. അതേസമയം ചിലർ തിരികെ വരാൻ താത്പര്യപ്പെടുന്നുണ്ട്. അവരെ ക്വാറന്റൈൻ കഴിഞ്ഞാലേ ജോലിക്ക് പോകാൻ അനുവദിക്കൂ.

കൊവിഡ് വിവിധ മേഖലകളെ ബാധിച്ചു. കഴിഞ്ഞ ദിവസം ഐടി മേഖലയെ കുറിച്ച് ചർച്ച നടന്നു. ഐടി സെക്ടറിന് വലിയ തിരിച്ചടിയുണ്ടായി. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്ന് മാസങ്ങളിൽ 4500 കോടിയുടെ നഷ്ടം ഉണ്ടായി. 26000 നേരിട്ടുള്ള തൊഴിലും 80000 പരോക്ഷ തൊഴിലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സോഫ്റ്റ്‌വെയർ കയറ്റുമതിയെ ആശ്രയിക്കുന്ന പല സംരംഭങ്ങളും പ്രതിസന്ധിയിലാണ്. ഐടി വ്യവസായത്തെ രക്ഷിക്കാൻ പുതിയ ലോകസാഹചര്യത്തിനൊത്ത് പോകണം. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ കെ ഫോൺ പദ്ധതി തുടങ്ങാനുള്ള ഇടപെടൽ ഐടി സെക്ടറിനെ മെച്ചപ്പെടുത്താനുള്ളത്. ഡിസംബറിൽ പൂർത്തിയാകും. ഈ പദ്ധതി വിപുലമായ രീതിയിലുള്ളത് കേരളത്തിൽ മാത്രം. സംരംഭങ്ങളെ കരകയറ്റലും തൊഴിൽ സുരക്ഷയും നോക്കേണ്ടതുണ്ട്. തൊഴിൽ നഷ്ടമാകരുത്. എന്നാൽ കമ്പനികൾക്ക് അധിക ഭാരം ഉണ്ടാകാനും പാടില്ല. ഇതിനനുസരിച്ച് ചില നടപടികൾ സ്വീകരിക്കും.

ഐടി കമ്പനികൾ പ്രവർത്തിക്കുന്ന തറവിസ്തൃതി 25000 ചതുരശ്ര അടിയുള്ള കമ്പനികൾക്ക് പതിനായിരം അടിക്ക് ആദ്യമൂന്ന് മാസം വാടകയില്ല. വാർഷിക വാടക വർധന ഒഴിവാക്കും. സർക്കാരിന് വേണ്ടി ചെയ്ത ഐടി പ്രൊജക്ടുകളിൽ പണം കിട്ടാനുണ്ടെങ്കിൽ അവ പരിശോധിച്ച് ഉടൻ പണം അനുവദിക്കും. 

പ്രവർത്തന മൂലധനം ഇല്ലാതെ വിഷമിക്കുന്നവർക്ക് കൂടുതൽ വായ്പ ലഭ്യമാക്കാൻ ബാങ്കുകളോട് ചർച്ച ചെയ്യും. സംസ്ഥാന ഐടി പാർക്കിലെ 80 ശതമാനം കമ്പനികൾക്കും നിലവിലെ വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശ നിരക്ക് നിലവിലുള്ളതായിരിക്കും. ഈ ആനുകൂല്യം പരമാവധി ലഭ്യമാക്കാൻ ബാങ്കുകളോട് ചർച്ച നടത്തും. കേരളത്തിലെ ഐടി കമ്പനികൾക്ക് സർക്കാർ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. സർക്കാരിന്റെ ഭാഗത്ത് നിന്ന് പിന്തുണ നൽകുമ്പോൾ ഐടി കമ്പനികൾ തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പാക്കണം. 

സർക്കാർ നിർദ്ദേശിച്ച എല്ലാ കൊവിഡ് നിബന്ധനകളും ഓഫീസുകളിൽ ജീവനക്കാർ പാലിക്കണം. പരമാവധി പേരെ വർക്ക് ഫ്രം ഹോം രീതിയിൽ തുടരാൻ ഐടികമ്പനികൾ അനുവദിക്കണം. ഒട്ടേറെ കമ്പനികൾ ഇങ്ങനെ പ്രവർത്തിക്കുന്നുണ്ട്. അതിന് സൗകര്യമുള്ളപ്പോൾ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സാങ്കേതിക പ്രശ്നം സ്വയം പരിഹരിക്കേണ്ടത് അനിശ്ചിതത്വം ഉണ്ടാക്കുന്നുണ്ട്. ഉൽപ്പാദനക്ഷമതയെ ഇത് ബാധിക്കുന്നുണ്ട്. വർക്ക് ഫ്രം ഹോം അല്ലാതെ വർക്ക് നിയർ ഹോം ആരംഭിക്കാൻ സർക്കാർ സന്നദ്ധമാകും. നിലവിലെ ജീവനക്കാരുടെ പ്രവർത്തന നൈപുണ്യം മതിയാകാതെ വരികയാണെങ്കിൽ അത്തരക്കാരെ വർക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറ്റുക. അവരുടെ വിവരം സർക്കാർ നിശ്ചയിക്കുന്ന നോഡൽ ഓഫീസർക്ക് നൽകണം. ഇവർക്ക് സർക്കാർ നൽകുന്ന നൈപുണ്യ വികസന പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കണം. പിന്നീട് അവരെ പുതിയ പ്രൊജക്ടുകളിൽ ഉൾപ്പെടുത്തണം. വർക്ക് ഷെയർ ബെഞ്ചിലുള്ളവർക്ക് സർക്കാർ പദ്ധതികളിൽ ഭാഗമാകാൻ അനുവദിക്കണം.

ഉന്നത വിദ്യഭ്യാസ രംഗം പുനസംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. കേരളത്തിന്റെ വ്യവസായ അംബാസഡർമാരായി മാറാൻ ഐടി മേഖലയിലെ പ്രമുഖർ തയ്യാറാകണമെന്ന് അവരോട് അഭ്യർത്ഥിച്ചു. കേന്ദ്ര വനാവകാശ നിയമ പ്രകാരം പട്ടിക വർഗ്ഗക്കാർക്ക് നൽകാനായി വിവിധ സ്ഥലങ്ങളിൽ 510 പേർക്ക് ഭൂമി എത്രയും വേഗം നൽകും. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വന മേഖലയിൽ ലഭിച്ച ഭൂമി വിതരണം ചെയ്തു. 478 പേർക്ക് 174.77 ഹെക്ടർ ഭൂമി ലാന്റ് ബാങ്കിൽ നിന്നും വാങ്ങി നൽകി. 1315 പേർക്ക് 1600 ഏക്കർ ഭൂമിക്കുള്ള അനുമതി നൽകി. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വനമേഖലയിലെ വാസയോഗ്യമായ ഭൂമി ഉടൻ വിതരണം ചെയ്യും. വാസയോഗ്യമല്ലാത്ത 8455 ഭൂമിക്ക് പകരം ഭൂമി വനം വകുപ്പ് കണ്ടെത്തി നൽകും.

 

 

Follow Us:
Download App:
  • android
  • ios