തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ പരിശോധനാ ഫലം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വരെ രഹസ്യമായി സൂക്ഷിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയന്‍. 'ഇതൊരു പഴയ ആരോപണമാണ്. നേരത്തെയും ഈ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. റിസല്‍റ്റ് വന്നയുടനെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നുണ്ട്. പത്രസമ്മേളനത്തില്‍ പറഞ്ഞതിന് ശേഷമല്ല ഇക്കാര്യം രോഗികളെയും ബന്ധപ്പെട്ടവരെയും അറിയിക്കുന്നത്' എന്നും മുഖ്യമന്ത്രി പറഞ്ഞു.  

കൊവിഡ് 19 പോസിറ്റീവാകുന്നവരുടെ വിവരം സര്‍ക്കാര്‍ തടഞ്ഞുവെക്കുന്നതിനാല്‍ ചികിത്സ വൈകുന്നുവെന്നും രോഗികള്‍ക്ക് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള അവസരം ഇത് സൃഷ്ടിക്കുന്നു എന്നുമായിരുന്നു പ്രതിപക്ഷ ആക്ഷേപം. പരിശോധനാ ഫലം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഇന്ന് വ്യക്തമാക്കി. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ശൈലജയുടെ പ്രതികരണം. 

മുഖ്യമന്ത്രിയുടെ വൈകുന്നേരമുള്ള വാർത്തസമ്മേളനം വരെ കൊവിഡ് 19 പരിശോധനഫലങ്ങൾ ആരോഗ്യപ്രവർത്തകർക്ക് പോലും കൈമാറുന്നില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ആദ്യം പി ടി തോമസ് എംഎൽഎയും പിന്നീട് എം കെ മുനീറും ഇതേവാദവുമായി രംഗത്തെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച കുഞ്ഞിന്റെ പരിശോധനഫലം പുറത്തുവിടാൻ വാര്‍ത്താസമ്മേളനം വരെ കാത്തിരുന്നുവെന്നായിരുന്നു മുനീറിന്റെ ആരോപണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇതിനെ പിന്തുണച്ച് രംഗത്തെത്തിതോടെയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറുപടി പറഞ്ഞത്. 

'മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനംവരെ പരിശോധനഫലങ്ങൾ രഹസ്യമാക്കുന്നു'; ആരോപണം ശക്തമാക്കി പ്രതിപക്ഷം