കൂത്തുപറമ്പിൽ നടത്തുന്ന ക്യാമ്പിൽ ഇഎംഎസോ ചക്രപാണിയോ പങ്കെടുക്കാൻ ഇടപെടണമെന്നാണ് പിണറായി കത്തിലൂടെ ആവശ്യപ്പെട്ടത്. 

പിണറായി വിജയൻറെ കൈപ്പടയിൽ എഴുതിയ പഴയ ഒരു കത്ത് പുറത്തുവന്നു. എസ്എഫ്ഐക്ക് മുമ്പ് ഇടതു വിദ്യാർഥി സംഘടനയായിരുന്ന കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡൻറ് ആയിരുന്ന പിണറായി വിജയൻ 1965 കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന ജി സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്താണ് പുറത്തു വന്നത്. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവനും കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായ ടി കെ വിനോദന്റെ സ്വകാര്യ ശേഖരത്തിലാണ് ഈ കത്തുള്ളത്. വിനോദൻ ഫേസ്ബുക്ക് കുറുപ്പിലൂടെ ആണ് ഈ കത്ത് പങ്കുവെച്ചത്. കൂത്തുപറമ്പിൽ നടത്തുന്ന ക്യാമ്പിൽ ഇഎംഎസോ ചക്രപാണിയോ പങ്കെടുക്കാൻ ഇടപെടണമെന്നാണ് പിണറായി കത്തിലൂടെ ആവശ്യപ്പെട്ടത്. 

കത്തിലെ വരികൾ

 Dear comrade,
താങ്കളുടെ എഴുത്ത് 15-ാം നു എനിക്ക് കിട്ടി. ഞങ്ങളുടെ കേമ്പ് കണ്ണൂരിൽ കൂത്തുപറമ്പ് മണ്ഡലത്തിലുള്ള വേങ്ങാട് എന്ന സ്ഥലത്തുവെച്ച് മെയ് 28,29,30 തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. കേമ്പിൽ സ.ഇ.യം.എസ്സ് പങ്കെടുക്കേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനുവേണ്ടി താങ്കൾ ഒന്നെഴുതേണം. ഇ.യം.എസ്സ് പങ്കെടുക്കാതിരിക്കുകയാണെങ്കിൽ സ:ചക്രപാണി നിർബ്ബന്ധമായും പങ്കെടുത്തേ തീരു. അതും താങ്കളുടെ ശ്രദ്ധയിൽ ഉണ്ടായിരിക്കേണം. 30-ാം നുയിലെ പൊതു സമ്മേളനത്തിൽ ആർ.സി ഉണ്ണിത്താനെ കിട്ടിയാൽ നന്നായിരുന്നു. 30-ാം നുത്തെ വിദ്യാഭ്യാസ സമ്മേളനത്തിൽ മുണ്ടശ്ശേരിയെ നിർബ്ബന്ധമായും കിട്ടേണം. അദ്ദേഹത്തെ പൊതു സമ്മേളനത്തിലും പങ്കെടുപ്പിക്കാമായിരുന്നു. ഈ കാര്യങ്ങളെല്ലാം താങ്കൾ ഗൗരവമായെടുക്കേണമെന്നും ഇവരെ പങ്കെടുപ്പിക്കുവാൻ പരിശ്രമിക്കേണമെന്നും അഭ്യർത്ഥിക്കുകയാണ്. താങ്കൾ കേമ്പിൽ പങ്കെടുക്കുവാൻ 27-ാം നു തന്നെ തലശ്ശേരിയിൽ എത്തേണമെന്ന് അഭ്യർത്ഥന.
അഭിവാദ്യങ്ങളോടെ
പിണറായി വിജയൻ