തിരുവനന്തപുരം: നേരിട്ട് കാണണമെന്ന ഏറെ നാളത്തെ ആഗ്രഹം അങ്ങനെ ഒടുവില്‍ സഫലമായി. ജന്മനാ കിടപ്പിലായ കാച്ചാണി സ്വദേശി മണികണ്ഠനെ കാണാൻ ഒടുവില്‍ മുഖ്യമന്ത്രിയെത്തി. മണികണ്ഠന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് വീട്ടിലെത്തിയത്. 42 കാരനായ മണികണ്ഠന് ജന്മനാ നട്ടെല്ലിന് അസുഖം ബാധിച്ചതാണ്. തന്‍റെ മുറിയാണ് മണികണ്ഠന്റെ ലോകം. ഇവിടെ ദൈവങ്ങളുടെ ചിത്രത്തിനൊപ്പമൊരു ചിത്രം കൂടി വച്ചിരുന്നു. പ്രിയ സഖാവ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം. പിണറായിയെ കാണണമെന്ന താല്പര്യം മണികണ്ഠൻ നാട്ടിലെ പാർട്ടി പ്രവർത്തകരോട് ഉന്നയിച്ചു. ഒടുവിൽ കരകുളത്ത് എത്തിയ മുഖ്യമന്ത്രി തന്റെ ആരാധകനെ കാണാൻ കാച്ചാണിയിലെ വീട്ടിലുമെത്തി. 

മുഖ്യമന്ത്രി വീട്ടിൽ  വരുമ്പോൾ കെ എൽ ഗണേഷ് എഴുതിയ ചരിത്രം ഉണ്ടാകുന്നത് എന്ന് പുസ്തകം മണികണ്ഠൻ വായിക്കുകയായിരുന്നു. ഇതിൽ മുഖ്യമന്ത്രി ഒപ്പിട്ട് നൽകി.  ഏറെ കാലമായിരുന്നു ആഗ്രഹിച്ചിരുന്നു. എനിക്ക് വലിയ ഇഷ്ടമാണ്. 'ഒരു കാര്യം പറഞ്ഞാല്‍ അവിടെ നില്‍ക്കും, പിണറായിയുടെ ആ സ്വഭാവമാണ് ഏറെ ഇഷ്ടം' മണികണ്ഠൻ പറയുന്നു. മുഖ്യമന്ത്രി വീട്ടിലെത്തി മണികണ്ഠനെ കണ്ട സന്തോഷത്തിലാണ് വീട്ടുകാരും. പ്രായമായ അച്ഛനും അമ്മയുമാണ് കിടപ്പിലായ മണികണ്ഠനെ കുളിപ്പിക്കുന്നതും മറ്റും. തന്‍റെ പ്രിയ നേതാവിനെ നേരിട്ടു കണ്ടതിന്‍റെ സന്തോഷത്തിലാണ് മണികണ്ഠൻ. 

"