കേരളത്തിലെ മുഖ്യമന്ത്രി കസേരയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ യോഗ്യനാണ് എന്നതടക്കമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മറുപടി.
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി കസേര വിവാദം സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആ ചർച്ചയ്ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം മറുപടി നൽകി. കേരളത്തിലെ കാര്യം പറയാനില്ലെന്നും തമിഴ്നാട്ടിലെ കാര്യമേ പറയാനുള്ളൂവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ യോഗ്യനാണ് എന്നതടക്കമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. തമിഴ്‌നാട്ടിലെ വിളവൻകോട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി ടി പ്രവീണിനായി കളയിക്കാവിളയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനെ കെ സി വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു. മോദി ഇന്നലെ ദൂർദർശനിലൂടെ നടത്തിയത് രാഷ്ട്രീയ നാടകമാണെന്നാണ് കെ സി അഭിപ്രായപ്പെട്ടത്. മണ്ഡല പുനർ നിർണയത്തിലൂടെ രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന മോദിയുടെ ദുഷ്ടലാക്ക് പരാജയപ്പെട്ടെന്നും തോൽവിയുടെ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. ഇന്ത്യക്ക് ആദ്യ വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നൽകിയത് കോൺഗ്രസാണെന്നും കെ സി വേണുഗോപാൽ ഓർമ്മിപ്പിച്ചു. തമിഴ്‌നാട്ടിൽ വോട്ട് ചോദിക്കാൻ മോദിക്ക് അവകാശമില്ലെന്നും പ്രധാനമന്ത്രിയുടെ വിഘടനവാദത്തെ ശക്തമായി എതിർത്ത നേതാവാണ് എം കെ സ്റ്റാലിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ സ്ത്രീകൾ വോട്ടെടുപ്പ് ദിവസം മോദിക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു
