ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെ തുടർന്ന് തൊഴിൽരഹിതരായ മലയാളി നഴ്സുമാരുടെ വിഷയത്തിൽ കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യു.എ.ഇ-യിൽ തന്നെ ബദൽ തൊഴിൽ കണ്ടെത്താനും വിസാ പ്രശ്നങ്ങളിൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കാനും കേന്ദ്രസർക്കാർ നയതന്ത്രതലത്തിൽ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെ തുടർന്ന് നിരവധി മലയാളി നഴ്സുമാർ തൊഴിൽരഹിതരായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ തേടി കേരള മുഖ്യമന്ത്രി. തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാർക്കും കുടുംബങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ യു.എ.ഇ ഭരണകൂടവുമായി കേന്ദ്ര സർക്കാർ അടിയന്തരമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രി പൂട്ടിയതോടെ കേരളത്തിൽ നിന്നുള്ള നഴ്സുമാർ അടക്കം നൂറുകണക്കിന് ഇന്ത്യാക്കാരാണ് പ്രതിസന്ധിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് കേവലം തൊഴിൽ നഷ്ടം മാത്രമല്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യാക്കാരായ നിരവധി പേരുടെ കുടുംബത്തെ ഈ പ്രതിസന്ധി ഗുരുതരമായി ബാധിക്കും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യു.എ.ഇ-യിൽ തന്നെ ബദൽ തൊഴിൽ സംവിധാനങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ സഹായിക്കണം. വിസാ കാലാവധി അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളിൽ നഴ്സുമാർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ നയതന്ത്രതലത്തിൽ ഇടപെടണം. പതിറ്റാണ്ടുകളായി യു.എ.ഇ-യെ സ്വന്തം വീടായി കണ്ട് ജീവിക്കുന്നവരാണ് ഈ പ്രവാസികൾ. ആശുപത്രി പെട്ടെന്ന് അടച്ചുപൂട്ടിയത് ഈ കുടുംബങ്ങളെ വലിയ മാനസിക-സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിസന്ധിയിലായ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കാനും അവർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കാനും നോർക്കയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.