Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ഡൗൺ, സർക്കാർ ഓഫീസുകൾ തുറക്കില്ല, പൊതുഗതാഗതമില്ല, ഇളവുകൾ അറിയാം

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറിമാത്രമേ പാടുള്ളൂ. 

kerala complete lockdown from 8 th may 2021
Author
Thiruvananthapuram, First Published May 6, 2021, 7:45 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മറ്റന്നാൾ ( മെയ് എട്ടിന് ) രാവിലെ 6 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ. മാർഗനിർദ്ദേശങ്ങളും ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. 

പച്ചക്കറി പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്ക്,  ഇൻഷ്യുറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും.  

പൊതുഗതാഗതം പൂർണമായും ഇല്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വീട്ടു ജോലിക്കാർക്കും ഹോം നഴ്‌സുമാർക്കും യാത്രകൾക്ക് അനുമതിയുണ്ട്. വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടാകും. സ്വകാര്യവാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിനു മാത്രം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം.  

അവശ്യ സർവ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവർത്തിക്കും. ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല. 

മുൻ കൂട്ടി നിശ്ചയിച്ച വിവാഹച്ചടങ്ങുകളിൽ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിക്കാം. ഇതിന് മുൻകൂട്ടി പൊലീസിന്റെ അനുമതി വാങ്ങുകയും  ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. മരണാനന്തര ചടങ്ങിൽ 20 ആളുകൾ മാത്രമേ പാടുള്ളു. ആരാധാനലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കരുത്. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ഡൗണിൽ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകൾക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം. ഇലക്ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്നിഷ്യൻസിന് അനുമതി എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. 

രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവിൽ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂർണ്ണ അടച്ചുപൂട്ടൽ. രണ്ടാം തരംഗത്തിൽ 41, 000ല്‍ അധികം രോഗികളാണ് ദിവസേനെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. 
 

Follow Us:
Download App:
  • android
  • ios